ഇടുക്കി: വട്ടവട പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിലന്തിയാറിൽ ഒരു മീറ്റർ മാത്രം ഉയരത്തിൽ തടയണ നിർമ്മിക്കുന്നതെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കൂടല്ലാർകുടി,വട്ടവട സൗത്ത്,വട്ടവട നോർത്ത്,പഴത്തോട്ടം,സിലന്തിയാർ,സ്വാമിയാർക്കുടി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കാണ് കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രകാരം പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

വട്ടവട പഞ്ചായത്തിൽ ലഭ്യമായ ഏക വറ്റാത്ത ഉറവിടം ചിലന്തിയാർ ആണ്. അതിനാലാണ് അവിടെ ഒരു മീറ്റർ ഉയരമുള്ള തടയണ നിർമിച്ച് കറുപ്പ് സ്വാമി അമ്പലത്തിന് സമീപം സ്ഥാപിക്കുന്ന ജല ശുദ്ധികരണ ശാലയിലേക്ക് ജലം പമ്പ് ചെയ്ത് എത്തിക്കുവാൻ ശ്രമിക്കുന്നത്. അവിടെ നിന്ന് വട്ടവട ഗ്രാമപഞ്ചായത്തിലെ 617 കുടുംബങ്ങൾക്ക് ആദ്യ ഘട്ടമായും തുടർന്ന് വട്ടവട പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാകുന്നതിനാണ് ശ്രമം.
നദിക്ക് കുറുകെ അണക്കെട്ട് നിർമിക്കുന്നുവെന്ന വാദം തെറ്റാണ്. 1 മീറ്റർ ഉയരവും 45 മീറ്റർ നീളവുമുള്ള തടയണ മാത്രമാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത് . പ്രോജക്ടിലെ എല്ലാ പാക്കേജുകളും ടെൻഡർ ചെയ്യുകയും നിരവധി പാക്കേജുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുള്ളതുമാണ് .നിർമാണം നടത്താൻ സാധിക്കാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. . അതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.