കട്ടപ്പന:പൊതുസ്ഥലത്ത് മദ്യപിക്കാൻ തയാറെടുക്കുന്നത് ചോദ്യം ചെയ്ത തങ്കമണി എസ് ഐ ഐൻ ബാബുവിനെ മർദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിപി എം ഇരട്ടയാർ, ചെമ്പകപ്പാറ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബലമായി മോചിപ്പിക്കുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത മദ്യക്കുപ്പിയും ഇവർ കടത്തിക്കൊണ്ടുപോയി. ശാന്തിഗ്രാമിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യം തയ്യാറാക്കി വിൽപ്പന വ്യാപകമാണ്. വിദേശമദ്യം ചില്ലറയായി വിൽക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നതായി പരാതിയുണ്ട്.
ജനങ്ങളുടെ സമാധാന ജീവിതത്തിന് മദ്യപസംഘങ്ങൾ തടസം സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് പൊലീസ് മേഖലയിൽ പട്രോളിങ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പ്രതികൾ മദ്യപിക്കാൻ തയാറെടുക്കുന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇത് ചോദ്യം ചെയ്തപ്പോൾ കൂടുതൽ പേർ സ്ഥലത്തെത്തി എസ്‌ഐയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുന്ന സമീപനം കോൺഗ്രസ് തിരുത്തണമെന്നും സിപി.എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗങ്ങളായ പി .ബി ഷാജി, ജോയി ജോർജ്, ഇരട്ടയാർ ലോക്കൽ സെക്രട്ടറി ലിജു വർഗീസ്, ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി കെ ഡി രാജു എന്നിവർ ആവശ്യപ്പെട്ടു.