തൊടുപുഴ: പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജൻമദിനാശംസകൾ നേർന്നു. തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്ന
രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഒത്തുകൂടൽ ചടങ്ങ് നടന്നത്.
ചൊവ്വാഴ്ച്ചയായിരുന്നു ജൻമദിനം.ചെന്നയിലായിരുന്ന മോഹൻലാൽ ലൊക്കേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് നിർമ്മാതാവ് എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജൻമദിനാഘോഷച്ചടങ്ങുകൾ നടത്തിയത്. തൊടുപുഴ മൂൺലൈറ്റ് ഹോട്ടലിൽ നടന്ന ഒത്തുകൂടലിൽ ചിത്രീകരണം അൽപ്പം നേരത്തേ നിർത്തിവച്ചാണ് യൂണിറ്റ് ഒന്നടങ്കം പ്രിയ നടന് ആശംസകൾ നേരാൻ എത്തിച്ചേർന്നത്. രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. മോഹൻലാലിന്റെ 360 മത്ചിത്രം എന്ന നിലയിൽ 360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട് .തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായ മണിയൻ പിള്ള രാജുവും ശോഭനയും,സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരും ഉൾപ്പടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കുകൊണ്ടു.തന്നോട് ആത്മാർത്ഥമായി പ്രകടിപ്പിച്ച സന്തോഷ നിമിഷങ്ങൾക്ക് മോഹൻലാൽ നന്ദി പറഞ്ഞു കൊണ്ടാണ് സന്തോഷത്തിന്റെ രാവിന് തിരശ്ശീല വീണത്.