തൊടുപുഴ: കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി നിർവഹിച്ചു. മൊബൈൽ ഇസേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു. തൊടുപുഴയിൽ 2005 ൽ കുടുംബകോടതി ആരംഭിച്ചതു മുതൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. തുടർന്ന് 2021 സെപ്തംബർ മൂന്നിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. 6.5 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.
കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് ക്യാബിനുകളോട് കൂടി രൂപകൽപ്പന ചെയ്ത ഒരു മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ- സേവ കേന്ദ്ര. പൂർണ്ണമായും എ.സി, അതിവേഗ ഇന്റർനെറ്റ് കണക്ലിവിറ്റി, പവർ ബാക്കപ്പ് (യുപിഎസും ജനറേറ്ററും) എന്നിവ സജ്ജീകരിച്ചിട്ടുള്ളതുമാണ്. ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ്, ജില്ലാ ജഡ്ജി പി.എ.എസ്
ശശികുമാർ, കേരളാ ബാർ കൗൺസിൽ മെമ്പർ ജോസഫ് ജോൺ, ജില്ലാകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് എം.എം. തോമസ്, സെക്രട്ടറി സിജോ ജെ. തൈച്ചേരിൽ, തൊടുപുഴ ഗവൺമെന്റ് പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. വി.എസ്. സനീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ബീന. എൽ, കേരളാ അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് ടി. കുറ്റിച്ചിറ എന്നിവർ പങ്കെടുത്തു.