പീരുമേട്: കനത്ത മഴയിൽ വാഗമൺ കോട്ടമലയിൽ ലയംവീണു .ഇവിടെ താമസിച്ചിരുന്ന കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്.
വാഗമൺ കോട്ടമല എം എം ജെ പ്ലാന്റേഷൻ എസ്റ്റേറ്റ് വക ഒന്നാം ഡിവിഷനിൽ നാലാം നമ്പർ ലയത്തിലെ ഒരു മുറിയുടെ ഭിത്തിയാണ് ഇടിഞ്ഞത്.പുതുക്കാട്ടിൽ ചന്ദ്രികയും മകൻ രതീഷ്, ഭാര്യ സുനി, ഇവരുടെ മൂന്ന് കുട്ടികളുമാണ് ഇവിടെ താമസിച്ചിരുന്നത്.ഇന്നലെപുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിക്കുമ്പോൾ ഇവർ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിന് വെളിയിൽ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു .

മഴ ശക്തമായതിനാൽ മഴ വെള്ളം മേൽക്കുരയിൽ മേഞ്ഞ ഷീറ്റിന് ഉള്ളിലൂടെ ഭിത്തിയിലേക്ക് ഒലിച്ചിറങ്ങിയാണ് വീട് ഇടിഞ്ഞത്.
മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ ഉൾപ്പെടയുള്ള ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു . സംഭവം അറിഞ്ഞ് സ്ഥലത്ത്എത്തിയ പഞ്ചായത്ത് അംഗം ഷൈൻ കുമാർ, വാഗമൺ വില്ലേജ് ഉദ്യോഗസ്ഥർ ഈ കുടുംബത്തെ സുരക്ഷിതമായി മറ്റൊരു ലയത്തിലേക്ക് മാറ്റി പാർപ്പിച്ചു.

പീരുമേട്ടിലെ തോട്ടം പ്രതി സന്ധിയെ തുടർന്ന്2003 ലാണ് തോട്ടം ഉടമ തോട്ടം അടച്ചു പൂട്ടിയത്. ഇതോടെ ലയങ്ങളുടെ അറ്റകുറ്റ പണികൾ നടത്താൻ നിവൃത്തിയില്ലാതെ തൊഴിലാളി കുടുംബങ്ങൾ ഇടിഞ്ഞു വീഴാറായ ലയത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്.6 കുടുംബങ്ങൾ താമസിച്ചിരുന്ന ലയത്തിൽ ഇപ്പോൾ ഇവിടെ ഒരു കുടുംബം മാത്രമാണ് താമസിച്ചിരുന്നത്.

നിവേദനം നൽകി

ഏലപ്പാറ:അടിയന്തിരമായി ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തി തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രിക്ക് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സി.സന്തോഷ് കുമാർ നിവേദനം നൽകി. ജില്ലയിലെ തേയില തോട്ടം തൊഴിലാളികൾ മഴ ശക്തിയായതോടെ ദുരിതത്തിലാണ്. ലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താതെ നിലംപതിക്കാറായിരിക്കുകയാണ്.കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറ്റിൽ ഒരു ലയം ഇടിഞ്ഞ് വീണു.പീരുമേട്ടിൽ മൂന്ന് തോട്ടങ്ങൾ പൂട്ടി കിടക്കുകയാണ് ഇവിടത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യം വളരെ ദയനീയമാണ്. ലയങ്ങൾ മുഴുവൻ നിലംപൊത്താറായ അവസ്ഥയിലാണ്.