രാജാക്കാട്: പൂപ്പാറയ്ക്കു സമീപം മൂലത്തറയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ഏഴാനകളും ഒരു കുട്ടിയാനയും അടങ്ങുന്ന സംഘമാണ് കൃഷിയിടത്തിലിറങ്ങിയത്. അഞ്ചിൽപരം കർഷകരുടെ ഏക്കർ കണക്കിനുള്ള ഏലച്ചെടികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ചവിട്ടിമെതിച്ചും പിഴുതുകളഞ്ഞുമാണ് രണ്ടും മൂന്നും വർഷം പ്രായമായ ചെടികൾ നശിപ്പിച്ചത്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു. ഇടയ്ക്കിടെ കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവാണെങ്കിലും ഇത്രയേറെ കൃഷികൾ നശിപ്പിക്കുന്നത് ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പനും റോഡിലിറങ്ങി മാർഗ്ഗതടസം സൃഷ്ടിച്ചിരുന്നു. ആർ.ആർ.ടി സംഘം രംഗത്തെത്തിയാണ് ഒറ്റയാനെ കാടുകയറ്റിയത്.