പീരുമേട്:വണ്ടിപ്പെരിയാർ പോക്‌സോ കേസിലെ പ്രതി അർജുന്റെ പിതൃ സഹോദരന് മർദ്ദനമേറ്റു.
മനുഷ്യാവകാശ കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത പെൺകുട്ടിയുടെ ചെറിയച്ഛൻ ആണ് മർദ്ദിച്ചതെന്ന് പരാതി. എന്നാൽ തിരിച്ചാണ് ആക്രമണം ഉണ്ടായതെന്ന് പെൺകുട്ടിയുടെ ചെറിയച്ഛൻ പറഞ്ഞു.ആറു വയസ്സുകാരിയുടെ കൊലപാതകത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന രൂക്ഷമായ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.

ഇതിനിടയിലാണ് കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ പിതാവിന്റെ ജേഷ്ഠനും, കുടുംബവും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

തങ്ങളുടെ വീടും കിടപ്പാടവും ഉൾപ്പെടെ എല്ലാ സമ്പത്തും ചുരക്കുളം എസ്റ്റേറ്റിൽ ആണെന്നും, ആറുമാസമായി ജോലി ഇല്ലാതെ ബന്ധുക്കളുടെ വീട്ടിൽ കഴിയുകയാണെന്നും കാണിച്ചായിരുന്നു പരാതി .ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പീരുമേട് ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകി.ഇതിനിടയിൽ ഇന്നലെ ചുരക്കുളം എസ്റ്റേറ്റിൽ ഒരു മരണം സംഭവിച്ചു . ഈ മരണത്തിന് എത്തിയ അർജുന്റെ പിതാവിന്റെ ജേഷ്ഠൻ കൂടിയായ ഷണ്മുഖത്തെ പെൺകുട്ടിയുടെ ചെറിയച്ഛൻ വരുന്ന വഴിക്ക് വച്ച മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.സംഭവത്തിൽ ഷണ്മുഖം വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. മനുഷ്യാവകാശ കമ്മീഷന് കള്ളക്കേസ് കൊടുത്തത് ചോദ്യം ചെയ്തതിൽ രണ്ടുപേർക്കും ഉന്തും തള്ളും ഉണ്ടാവുകയും പിന്നീടത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ പറഞ്ഞു. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.