kalunk

ചെറുതോണി: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചു. വിമലഗിരി- അഞ്ചാനിപടി- പാണ്ടിപ്പാറ റോഡ് വികസനത്തിന്റെ ഭാഗമായി ചാപ്പാസിറ്റിയിലെ കലുങ്കിന്റെ നിർമ്മാണമാണ് നിലച്ചത്. വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. തകർന്ന കലുങ്കിന്റെ നിർമ്മാണം തുടങ്ങിയിട്ട് മാസങ്ങളായിട്ടും പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. ഇരുകൂട്ടിയിൽ നിന്ന് പെരിയാറിലേക്കൊഴുകുന്ന തോടിന് കുറുകെയുള്ള കലുങ്കിന്റെ നിർമ്മാണമാണ് തടസപ്പെട്ടിരിക്കുന്നത്. ശക്തമായ ഒഴുക്കുള്ള തോടാണിത്. നാലിലധികം സ്‌കൂളുകളിലേക്കുളള ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന വഴിയാണ് തടസപ്പെട്ടിരിക്കുന്നത്. നൂറു കണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിരിക്കുകയാണ്. സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എങ്ങനെ കടന്നു പോകുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. കുട്ടികളെ കയറ്റി ഇതുവഴി ബസ് ഓടിക്കാൻ എങ്ങനെ കഴിയുമെന്നതിലും ആശങ്കയുണ്ട്. അധികാരികളും ജനപ്രതിനിധികളും ജനങ്ങളുടെ ദുരിതം തിരിച്ചറിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.