book
അനുഭവങ്ങളുടെ മുറിപ്പാടുകൾ എന്ന പുസ്തകം സേനാപതി വേണു വൈ.സി. സ്റ്റീഫന്റെ ശിഷ്യർക്ക് നൽകി പ്രകാശനം ചെയ്യുന്നു

കട്ടപ്പന: അപൂർവ്വ സംഗമത്തിനാണ് ഇന്നലെ കട്ടപ്പന ഗവ.ട്രൈബൽ ഹൈസ്‌ക്കൂൾ വേദിയായത്. അവധി ദിവസമായിരുന്നിട്ടും വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർ ആ പഴയ ക്ലാസ് മുറിയിൽ ഒത്തുകൂടി. അവരുടെ പ്രിയപ്പെട്ട ഗുരുനാഥൻ വൈ.സി. സ്റ്റീഫൻ രചിച്ച 'ഓർമ്മകളുടെ മുറിപ്പാടുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിക്കാനാണ് പൂർവ്വവിദ്യാർത്ഥികൾ എത്തിയത്. വിവിധ ബാച്ചുകളിലായി പഠിച്ച തന്റെ കുട്ടികൾക്ക് കൈമാറിക്കൊണ്ട് വേണം പുസ്തകത്തിന്റെ പ്രകാശനമെന്ന് പ്രിയപ്പെട്ട ഗുരുനാഥൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. കൊല്ലം സ്വദേശിയായ സ്റ്റീഫൻ അദ്ധ്യാപക ജോലിക്കായാണ് വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിലേക്ക് വന്നത്. വിവിധ സ്‌കൂളുകളിൽ മാറിമാറി ജോലി ചെയ്തു. അവസാനം ട്രൈബൽ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനുമായി. സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും സജീവമായ അദ്ദേഹത്തിന്റെ അന്ന് മുതലുള്ള ഓർമ്മകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പുസ്തകം സേനാപതി വേണു സ്റ്റീഫന്റെ ശിഷ്യന്മാരായ രാജു ജോസ്, ആനി സ്റ്റെല്ലാ മേരി ഐസക്, ടിജി. എം. രാജു, സുനിൽ. കെ. കുമാരൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ട്രൈബൽ സ്‌കൂൾ പ്രിൻസിപ്പൽ മിനി ഐസക് ചടങ്ങിൽ അദ്ധ്യക്ഷയായി. കവയത്രി സിന്ധു സൂര്യ പുസ്തക പരിചയം നടത്തി. സോജൻ സ്വരാജ്, കെ.എസ്. ഫ്രാൻസിസ്, ജോർജ്ജ് ജോസഫ് പടവൻ, അദ്ധ്യാപിക ഷൈബി കെ.കെ, ബിബിൻ വൈശാലി എന്നിവർ സംസാരിച്ചു.