village-office
നിലവിലുള്ള രാജകുമാരി വില്ലേജ് ഓഫീസ്

രാജാക്കാട്: രാജകുമാരി വില്ലേജ് ഓഫീസ് നടുമറ്റത്തേക്ക് മാറ്റാനുള്ള റവന്യൂ അധികൃതരുടെ തീരുമാനത്തിനെതിരെ സർവ്വകക്ഷി യോഗം രംഗത്തെത്തി. നാല് പതിറ്റാണ്ടായി രാജകുമാരി ടൗണിന് സമീപത്താണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ നിലവിലുള്ള സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. സ്മാർട്ട് വില്ലേജാഫീസ് നിർമ്മിക്കാൻ 10 സെന്റ് സ്ഥലം വേണമെന്നും ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് എട്ട് സെന്റ് സ്ഥലത്താണെന്നുമുള്ള വാദമാണ് റവന്യൂ അധികൃതർ നിരത്തുന്നത്. അതിനാൽ നടുമറ്റത്തുള്ള റവന്യൂ ഭൂമിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനും നിലവിലുള്ള രാജകുമാരിയിലെ ഓഫീസ് ജീവനക്കാർക്ക് ക്വാർട്ടേഴ്സായി ഉപയോഗിക്കാമെന്നുമാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതനുസരിച്ച് നടുമറ്റത്ത് പുതിയ വില്ലേജ് ഓഫീസ് നിർമ്മിക്കാൻ കഴിഞ്ഞ ദിവസം ജില്ല കളക്ടറുടെ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ജനപ്രതിനിധികളോ ഗ്രാമപഞ്ചായത്തോ അറിയാതെയാണ് ഈ തീരുമാനമെടുത്ത്. എതിർപ്പ് ശക്തമായതോടെ ഇന്നലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഓഫീസ് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് യോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാലുടനെ രാജകുമാരി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് റവന്യൂ വകുപ്പിന് ഭൂമി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ഇക്കാര്യം ജില്ലാ കളക്ടറെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുന്നതിനും തീരുമാനമാനിച്ചു. നിലവിൽ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന് സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് സർക്കാർ നിഷ്‌കർഷിക്കുന്ന ഭൂമിയുണ്ടോ എന്നു പരിശോധിച്ച് ബോധ്യപ്പെടാനും സർവ്വകക്ഷി യോഗം സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.