കുമളി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകൾ കേരള സർക്കാരിനെതിരെ ഇന്ന് കുമളിയിലേക്ക് നടത്താനിരിക്കുന്ന പ്രകടനം തടയാൻ തമിഴ്നാട് പൊലീസ് രംഗത്ത്. അതിർത്തിക്കപ്പുറം ലോവർ ക്യാമ്പിൽ തന്നെ തമിഴ്നാട് പൊലീസ് തടയുമെന്ന് സൂചന. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി പെന്നി കുക്കിന്റെ സ്മാരക മണ്ഡപത്തിൽ നിന്ന് കുമളിയിലേയ്ക്കുള്ള മാർച്ച് ആരംഭിക്കുമെന്നാണ് സമരക്കാർ അറിയിച്ചിട്ടുള്ളത്. 128 വർഷത്തിലധികം പഴക്കമുള്ള ഡാം അപകട സ്ഥിതിയിലാകും മുമ്പ് പുതുക്കി പണിയുകയോ പകരം ഡാം നിർമിക്കുകയോ വേണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം തമിഴ് ജനതക്കുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം ലഭ്യമാക്കുന്ന വിധമായിരിക്കണം ഡാം നിർമ്മിതി എന്നും ആവശ്യമുന്നയിക്കുന്നുണ്ട്.