കുറവുള്ളത് 25 ഡ്രൈവർമാർ
തൊടുപുഴ: ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ നിലവിലുള്ള സർവീസുകൾ പോലും മുടക്കം കൂടാതെ ഓടിക്കാൻ കഴിയാതെ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ. അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ അവസ്ഥ. 25 ഡ്രൈവർമാരുടെ കുറവാണ് തൊടുപുഴ ഡിപ്പോയിൽ ഉള്ളത്. അതിനാൽ ആവശ്യത്തിന് ബസുകൾ ഉണ്ടെങ്കിലും വേണ്ടത്ര ഡ്രൈവർമാരില്ലാത്തതിനാൽ സർവീസ് മുടങ്ങുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല ഡ്രൈവർമാരും അവധി പോലും എടുക്കാതെ തുടർച്ചയായി ഡ്യൂട്ടിക്ക് എത്തുന്നതിനാലാണ് സർവീസുകൾ ഇത്രയെങ്കിലും മുടക്കം കൂടാതെ പോകുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ ഏതാനും ഡ്രൈവർമാരെ അടുത്ത നാളിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഒരു ഡ്രൈവർ വന്നില്ലെങ്കിൽ പകരം നിയോഗിക്കാൻ ആളില്ലാത്തതാണ് പല സർവീസുകളും മുടങ്ങാൻ കാരണമാകുന്നത്. ഡ്രൈവർമാരില്ലാത്തതിനാൽ നല്ല കളക്ഷൻ ലഭിക്കുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസും വൈക്കം, ചേലച്ചുവട് റൂട്ടുകളിലെ ഓർഡിനറി ബസുകളും പതിവായി മുടങ്ങുകയാണ്. തൊടുപുഴ ഡിപ്പോയിലെ ഒരു ഡസനിലേറെ ഓർഡിനറി സർവീസുകളാണ് കൊവിഡിനെ തുടർന്ന് മൂന്ന് വർഷം മുമ്പ് നിറുത്തലാക്കിയതാണ്. ഇവിടെ ഉണ്ടായിരുന്ന ബസുകളും മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടു പോയി. സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും നേരത്തെ ഓടിച്ചിരുന്ന ചില റൂട്ടുകളിൽ പേരിന് മാത്രം ഏതാനും ട്രിപ്പുകൾ മാത്രം ഓടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നാല് ബസുകൾ മുടങ്ങുന്നത് വഴി ദിവസം 60,000 രൂപയുടെ കളക്ഷൻ കുറവ് തൊടുപുഴ ഡിപ്പോയിലുണ്ട്.
ഗ്രാമീണ സർവീസുകൾ
ആരംഭിക്കാൻ നടപടിയില്ല
തൊടുപുഴയിൽ കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉദ്ഘാടനം ചെയ്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവിടേക്ക് പുതിയ ബസുകൾ എത്തിക്കുന്നതിനോ നിലവിൽ ഉണ്ടായിരുന്ന ഗ്രാമീണ സർവീസുകൾ പുനഃരാരംഭിക്കുന്നതിനോ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആക്ഷേപം. പുതിയ ഡിപ്പോ ഉദ്ഘാടന വേളയിൽ ജനപ്രതിനിധികളുടെ ആവശ്യ പ്രകാരം പഴയ ഓർഡിനറി സർവീസുകളും ദീർഘദൂര സർവീസുകളും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്. എന്നാൽ പിന്നെ ഒന്നും ഉണ്ടായില്ല. അഞ്ചിരി ആനക്കയം, മുള്ളരിങ്ങാട്, ചെപ്പുകുളം, മണക്കാട് -മൂവാറ്റുപുഴ, ഏഴല്ലൂർ, മേത്തൊട്ടി തുടങ്ങിയ റൂട്ടുകളിലാണ് യാത്ര ദുരിതം ഏറെ. സ്വകാര്യ ബസുകളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി കുത്തകയാക്കിയ വൈക്കം റൂട്ടിലും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല.