tree
അപകടഭീഷണിയായ മരങ്ങൾ

അടിമാലി: കല്ലാർ മാങ്കുളം റോഡിൽ വാഹനങ്ങൾക്കും യാത്രകാർക്കും ഭീഷണിയായി നിൽക്കുന്ന മരവും, മര ശിഖരങ്ങളും മുറിച്ച് നീക്കാൻ ഇനിയും നടപടിയില്ല. പീച്ചാട് മുതലുള്ള ഭാഗത്താണ് പാതയോരത്ത് മരവും മരശിഖരങ്ങളും അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. വിരിപാറക്ക് സമീപം വഴിയരികിൽ വലിയ മരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കൈനഗിരിക്ക് സമീപവും സമാന രീതിയിൽ മരം ഉണങ്ങി അപകട സാധ്യത സൃഷ്ടിക്കുന്നു. ഉണങ്ങിയ മരങ്ങൾക്ക് പുറമെ വേറെയും മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥ ഉയർത്തുന്നുണ്ട്. മഴ കനക്കും മുമ്പെ ഈ മരങ്ങൾ മുറിച്ച് നീക്കണമെന്നാണ് ആവശ്യം.പലപ്പോഴും മരം കടപുഴകി വീണും മരശിഖരങ്ങൾ ഒടിഞ്ഞ് വീണുമൊക്കെ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും തലനാരിഴക്കാണ് വാഹനയാത്രികർ രക്ഷപ്പെടാറ്. സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും വിനോദ സഞ്ചാര വാഹനങ്ങളുമൊക്കെ അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾക്ക് ചുവട്ടിലൂടെ കടന്ന് പോകുന്നു. ഉണങ്ങിയ മരങ്ങൾ മഴ നനയുക കൂടി ചെയ്യുന്നതോട കൂടുതൽ ദുർബലമാകും.ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. മഴക്കാലങ്ങളിൽ കല്ലാർ മാങ്കുളം റോഡിൽ മരംഒടിഞ്ഞ് വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടാകുന്നത് പതിവാണ്. ആളുകൾ വഴിയിൽ കുടുങ്ങുന്നതിനൊപ്പം വൈദ്യുതി ലൈനുകൾ പൊട്ടിയും തടസങ്ങൾ പതിവാണ്.