അടിമാലി: സർവ്വകാല റെക്കാർഡിട്ട കൊക്കോവിലതാഴേയ്ക്ക്. 1000 മുതൽ 1075 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 450 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോക്ക് 160 രൂപയായും വില താഴ്ന്നു. വേനൽമഴ ഏറെ വൈകിയതോടെ കൊക്കോ പൂവിടാൻ താമസിച്ചു. ഇപ്പോൾ പൂവിട്ട കൊക്കോ കായ്ഫലമെത്തുമ്പോൾ കാലവർഷത്തിൽ ഉണ്ടാക്കുന്ന പനിപ്പ് ഉത്പ്പാദനത്തെ ഗണ്യമായി ബാധിയ്ക്കുകയും ചെയ്യുകയാണ്. കൊക്കോയ്ക്കു പിന്നാലെ കർഷകരുടെ പ്രതീക്ഷകൾ തകർത്ത് കാപ്പി വിലയും ഇടിഞ്ഞു.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് കാപ്പിവിലയിലും ഇടിവുണ്ടായിട്ടുള്ളത്. 240 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പിപരിപ്പിന്റെ വില 300 ൽ താഴെയുമായി. ഇതോടെ കാപ്പി വിലയിൽ പ്രതീക്ഷയർപ്പിച്ച് കാപ്പിച്ചെടികൾക്ക് മികച്ച പരിചരണം നൽകിയ കർഷകർ നിരാശരായി.
നാലുവർഷം മുമ്പുവരെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 70 രൂപയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 മുതൽ 240 രൂപ വരെയെത്തിയത്.110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായും ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ കൂപ്പുകുത്തിയിട്ടുള്ളത്.