road

മാങ്കുളം: മാങ്കുളം, വിരിപാറ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കെത്തുന്ന പഴയ ആലുവ മൂന്നാർ റോഡിൽ അപകടക്കെണിയായി കലുങ്ക്. വിരിപാറയ്ക്ക് സമീപമാണ് കലുങ്കിനോടനുബന്ധിച്ചുള്ള റോഡിന്റെ അടിഭാഗം ഇടിഞ്ഞിരിക്കുന്നത്. മാങ്കുളത്തെത്തി ആനക്കുളവും മറ്റ് വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു മടങ്ങുന്ന വിനോദ സഞ്ചാരികൾ യഥേഷ്ടം യാത്ര ചെയ്യുന്ന പാതയാണിത്. കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര ബസുകളടക്കം കടന്നു പോകുന്ന വഴിയാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് നൂറ് കണക്കിന് വാഹനങ്ങളും ഇവിടെ എത്താറുണ്ട്. ഇത്തരത്തിലെത്തുന്ന ചെറുവാഹനങ്ങളിലെത്തുന്നവരാണ് ഇവിടെ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയുള്ളത്. മഴ കൂടി ആരംഭിച്ചതിനാൽ പാതയോരങ്ങൾ കാടുമൂടിയതിനാൽ ഇടിഞ്ഞ ഭാഗം ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. മഞ്ഞും മഴയുമുള്ള രാത്രികാലങ്ങളിലെ സ്ഥിതി പറയാനുമില്ല. മഴവെള്ളമൊഴുകി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.