തൊടുപുഴ: മദ്യപിച്ച് ബസ്സ് ഓടിച്ചതിന് ഒരു ഡ്രൈവർ കൂടി തൊടുപുഴയിൽ ട്രാഫിക് പൊലീസിന്റെ പിടിയിലായി. തൊടുപുഴ- ഏഴല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻസ് ബസിന്റെ ഡ്രൈവർ പെരുമ്പള്ളിച്ചിറ കറുക പാവൂർ വീട്ടിൽ അരുൺകുമാറാണ് (34) അറസ്റ്റിലായത്. ഇതോടെ മദ്യപിച്ച് ബസ് ഓടിച്ചതിന് ഈ മാസം പൊലീസ് പിടികൂടിയവരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ച രാവിലെ 9.10നാണ് അരുണിനെ ട്രാഫിക് പൊലീസ് പിടികൂടിയത്. പരിശോധനിയിൽ മദ്യപിച്ചതായി വ്യക്തമായതോടെ ഡ്രൈവറും ബസും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അരുണിനെ ജാമ്യത്തിൽ വിട്ടയച്ചു. ബസ് കോടതിയിൽ ഹാജരാക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു. മദ്യപിച്ച് സർവീസ് ബസുകളോടിച്ച് അപകടമുണ്ടാക്കുന്ന കേസുകൾ നഗരത്തിൽ വർദ്ധിച്ച സാഹചര്യത്തിലാണ് പൊലീസ് കർശന പരിശോധന തുടങ്ങിയത്. പരിശോധനയിൽ നാല് ബസ് ഡ്രൈവർമാരെ ഈ മാസം തന്നെ പിടികൂടി. വരും ദിവസങ്ങളിലും തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ സി.ഐ മഹേഷ് കുമാർ അറിയിച്ചു.