മൂന്നാർ: ചെറിയ ഇടവേളയ്ക്ക് ശേഷം വാഹനങ്ങൾക്ക് നേരെ വീണ്ടും പടയപ്പയെന്ന് വിളിക്കുന്ന കാട്ടാനയുടെ ആക്രമണം. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപം മൂന്നാർ- കല്ലാർ റോഡിൽ കാർ യാത്രക്കാർക്ക് നേരെ കാട്ടുകൊമ്പൻ പാഞ്ഞടുത്തത്. വൈദികൻ അടക്കമുള്ള കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നാറിൽ നിന്നും കല്ലാർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പന്റെ മുന്നിൽപ്പെട്ടത്. മൂന്നാർ ഐ.ടി.ഡി പ്ലാന്റേഷനിലെ ജീവനക്കാരനായ അഞ്ച് പേരായിരുന്നു മുന്നിൽ പോയ കാറിലുണ്ടായിരുന്നത്. നല്ലതണ്ണിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ഇവർ. പിന്നിലെ കാറിൽ മൂന്നാർ മാർത്തോമ പള്ളിയിലെ വികാരി ടിറ്റോ റെജിയും സംഘവുമായിരുന്നു ഉണ്ടായിരുന്നത്. കല്ലാറിൽ രോഗിയെ കാണാനായി പോകുകയായിരുന്നു ഇവർ. കല്ലാറിന് സമീപത്ത് വച്ച് വൈദികൻ സഞ്ചരിച്ച കാറിനെ മറികടന്ന് ഐ.ടി.ഡി പ്ലാന്റേഷനിലെ ജീവനക്കാരുടെ വാഹനം മുന്നോട്ട് പോയി. അല്പം കഴിഞ്ഞപ്പോൾ ഈ കാർ പിന്നോട്ട് വരുന്നതാണ് വൈദികനടക്കം കാണുന്നത്. കാർ ഒതുക്കാൻ സ്ഥലം ഇല്ലാതെ വന്നതോടെ രണ്ട് കാറുകളും ഒപ്പം റോഡിൽ നിറുത്തേണ്ടി വന്നു. പിന്നാലെ രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ എത്തി. ആനയെ പിന്നോട്ട് മാറ്റാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വൈദികനടക്കമുള്ളർ ഓടിമാറി. പിന്നാലെ ബഹളം വെച്ച് ആനയെ ഓടിച്ചതോടെ വലിയ അപകടം ഒഴിവായി. അല്പം നേരം റോഡിലൂടെ നടന്ന ആന വഴിമാറി ഉള്ളിലേക്ക് പോകുകയും ചെയ്തു. അതേ സമയം വാഹനങ്ങൾക്ക് ആന യാതൊരു കേടുപാടും വരുത്താതെയാണ് ഇടയിലൂടെ കടന്ന് വന്നതെന്ന് വൈദികൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പടയപ്പ ഇപ്പോഴും ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. വാഹനങ്ങൾക്ക് നേരെ പടയപ്പ എത്തുന്നത് പതിവായി മാറിതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക് നേരെ പരാക്രമം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയിൽ ഇറങ്ങിയിരുന്നെങ്കിലും കാട്ടുകൊമ്പൻ ആക്രമണത്തിന് മുതിർന്നിരുന്നില്ല.
പടയപ്പ വീണ്ടും ആക്രമണകാരിയാകുന്നോ
പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം മൂന്നാറിൽ അടുത്തിടെയാണ് പടയപ്പ എത്തി തുടങ്ങിയത്. കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങൾ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ പുതിയ രീതി. മദപ്പാട് കഴിഞ്ഞ ശേഷം പടയപ്പയുടെ വരവും പോക്കും വാഹനങ്ങൾക്ക് നേരെ അക്രമം നടത്താതെ ആയതിനാൽ ആശ്വാസത്തിലായിരുന്നു നാട്ടുകാരും സഞ്ചാരികളും. മദപ്പാടിലായിരുന്ന കാട്ടാനയെ പലതവണ ഉൾകാട്ടിലേക്ക് മാറ്റാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. മദപ്പാടെല്ലാം മാറി പടയപ്പ ശാന്തനാതോടെ വനപാലകർ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനുശേഷം കാണാതായ പടയപ്പ അടുത്തിടെ പതിവായി കല്ലാറിലെത്തുന്നുണ്ട്. മൂന്നാർ പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ കേന്ദ്രമാണ് കല്ലാറിലേത്. ഇവിടെ എത്തി ആന പ്ലാസ്റ്റിക്ക് മാലിന്യം അടക്കമുള്ളവ കാട്ടാനകൾ ആഹാരമാക്കുന്ന കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇനിയും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതേ സമയം പുറത്ത് നിന്നുള്ളവർക്ക് ഇങ്ങോട്ടുള്ള പ്രവേശനം വാക്കാൽ നിരോധിച്ചിട്ടുണ്ട്.