കട്ടപ്പന: കാലവർഷത്തിന് മുമ്പേ കട്ടപ്പന നഗരസഭ കാര്യാലയം ചോർന്നൊലിക്കുന്നു. 2015 ലാണ് കട്ടപ്പന ഗ്രാമപഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. ഇതിന് പിന്നാലെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥലം കണ്ടെത്തി പുതിയ കാര്യാലയം നിർമ്മിക്കുകയായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ കെട്ടിടത്തിൽ പലയിടത്തായി ചോർച്ചയും വിള്ളലും കണ്ടെത്തി. നിലവിൽ ചെറിയൊരു മഴ പെയ്താൽ പോലും ഒന്നാം നിലയിലെ സീലിംഗിന് ഇടയിലൂടെ വെള്ളം ചോർന്നൊലിക്കുന്ന അവസ്ഥയാണ്. ടൈൽവിരിച്ച വരാന്തയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ആളുകൾ തെന്നി വീണ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ കണ്മുന്നിൽ അപകടമുണ്ടായിട്ടും ഭരണസമിതി കാണാത്ത മട്ടാണ് നടിക്കുന്നത്. കെട്ടിടത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ക്യാമറക്കുള്ളിൽ നിന്ന് പോലും വെള്ളം ഒലിച്ചിറങ്ങുകയാണ്. ഇതോടെ ക്യാമറകളും പ്രവർത്തന രഹിതമാണ്. വരാന്തയിലെ ചോർച്ചയ്ക്ക് പുറമെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന തറയോടുകളും പൂർണ്ണമായും ഇളകിയ നിലയിലാണ്. മുമ്പ് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് തറയോടുകൾ നവീകരിച്ചെങ്കിലും രണ്ട് മാസങ്ങൾക്കകം വീണ്ടും പഴയപടിയായി. വിവിധ ആവശ്യങ്ങൾക്കായി ദിവസേനയെത്തുന്ന നൂറ് കണക്കിന് ആളുകളുടെ സുരക്ഷ മാനിച്ച് തറയോടുകൾക്കിടയിലെ വെള്ളക്കെട്ടും സീലിംഗ് ചോർച്ചയും പരിഹരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.