പീരുമേട്: മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പോബ്‌സ് എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളിൽ തൊഴിലാളികൾ പണിമുടക്കി. മൂന്നു മാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികൾ നിത്യചെലവുകൾക്ക് പോലും ബുദ്ധിമുട്ടിലായി. വണ്ടിപ്പെരിയാറിലെ വിവിധ എസ്റ്റേറ്റുകൾ, പീരുമേട് പഞ്ചായത്തിലെ പാമ്പനാർ, മേലഴുത, ഏലപ്പാറയിലെ കോഴിക്കാനം തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പോബ്‌സ് എസ്റ്റേറ്റ് വക ഗ്രാമ്പി തേയില ഫാക്ടറി പടിക്കൽ നടന്ന പണിമുടക്കിന് ശേഷം ചേർന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി പീരുമേട് റീജിയണൽ പ്രസിഡന്റ് കെ.എ. സിദ്ദിഖ് അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ആർ. സോമൻ സമരം ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.പി.ഇ യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഗണേശൻ, പി.ടി.ടി യൂണിയൻ സെക്രട്ടറി ചന്ദ്രൻ, ജി. പൊന്നമ്മ, മുത്തു ശെൽവി, പ്രേംകുമാർ എന്നിവർ സംസാരിച്ചു. പോബ്‌സ് എസ്റ്റേറ്റ് ഡിവിഷനുകളായ നെല്ലിമല, പശുമല, മഞ്ചുമല ഫാക്ടറി, മഞ്ചു മല ലോവർ ഡിവിഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമരത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിച്ചു.