പീരുമേട്: എന്നിനി തങ്ങളുടെ ദുരിതങ്ങൾ തീരുമെന്നറിയാതെ ഇവിടെ ഒരുപറ്റം മനുഷ്യർ. ചോർന്ന് ഒലിക്കുന്നതും ഇടിഞ്ഞ് വീഴാറായതുമായ ലയങ്ങളിൽ അന്തിയുറങ്ങുന്നവരാണ് കാലവർഷത്തെ ഭീതിയോടെ നോക്കുന്നത്. പീരുമേട് താലൂക്കിൽ ഇടിഞ്ഞ് വീഴാറായ ലയങ്ങൾ നിരവധിയാണ്.പലതും അറ്റകുറ്റപ്പണികൾ ചെയ്യേണ്ട കാലങ്ങൾ ഏറെക്കഴിഞ്ഞു. പലവട്ടം ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നല്ലാതെ നടപടികൾ ഒന്നും ഉണ്ടാകാറില്ല.
വാഗമൺ, കോട്ടമല ഒന്നാം ഡിവിഷനിലെ നാലാം നമ്പർ ലയം കഴിഞ്ഞ ദിവസമാണ് ഇടിഞ്ഞ് വീണത്. അവിടെ താമസിച്ചിരുന്ന പുതുകാട്ടിൽ ചന്ദ്രികയും കുടുംബവും രക്ഷപ്പെടുകയായിരുന്നു.ഇടുങ്ങിയ ലയത്തിൽനിന്ന് കുട്ടികളടക്കമുള്ളവർ പരിക്കേൽക്കാതെ പുറത്തെെത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വണ്ടിപ്പരിയാർ ഇഞ്ചിക്കാട്ട് ഒരു ലയം തകർന്നു വീണു. സുരേഷ് എന്ന തൊഴിലാളിയുടെ കുടുംബം താമസിച്ചിരുന്നഇവിടെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത് .
25 വർഷത്തോളമായി അറ്റകുറ്റ പണികൾ ഒന്നും ചെയ്യാത്ത ലയങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. തോട്ടം ഉടമകൾ ഉപേക്ഷിച്ചു പോയത് കൊണ്ട് തന്നെ കാലാകാലങ്ങളിൽ ചെയ്യേണ്ട അറ്റകുറ്റപണികൾ ചെയ്യാറില്ല. ഏതു സമയവും ലയങ്ങൾ നിലംപൊത്താവുന്ന അവസ്ഥയിലും..
പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഫോബ്‌സ എസ്റ്റേറ്റ് , ലൈഫ് ലൈൻ തുടങ്ങിയ തോട്ടങ്ങളിലും തൊഴിലാളികളുടെ ലയങ്ങൾ സമയബന്ധിതമായി അറ്റ കുറ്റപ്പണികൾ ചെയ്തു കൊടുക്കാറില്ല.
മനുഷ്യാവകാശ കമ്മീഷൻഅംഗം വി.കെ. ബീനാകുമാരി നേരിട്ട് ലയങ്ങൾ സന്ദർശിക്കുകയും മഴക്കാലത്തിനു മുമ്പ് പണികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടും ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ് .ദുരന്തം ഉണ്ടായാൽ അത് ബാധിക്കുന്നത് തങ്ങളെയാണെന്ന തിരിച്ചറിവിൽ പലതോട്ടങ്ങളിലും തൊഴിലാളികളും പലപ്പോഴും വീടുകൾ സ്വന്തമായി അറ്റകുറ്റപണികൾ ചെയ്യുന്നന്ന സ്ഥിതിയും ഉണ്ട്.
പത്ത്കോടിയുണ്ട്,
പക്ഷെ ...
സംസ്ഥാന സർക്കാർ ലയങ്ങൾ നവീകരിക്കാൻ 2023ലെയും, ഇരുപത്തിനാലിലെയും സംസ്ഥാന ബഡ്ജറ്റിൽ പത്തു കോടി രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ ജില്ലാ നിർമ്മിതികേന്ദ്രം നവീകരണം ആവശ്യമായ രംഗങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തൊഴിൽ വകുപ്പിന് നൽകി .തൊഴിൽ വകുപ്പ് വിശദമായ റിപ്പോർട്ട് ധനമന്ത്രാലയത്തിന് നൽകുകയും ചെയ്തു. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ധനവകുപ്പ് റിപ്പോർട്ടു മടക്കി. പ്ലാന്റേഷൻ ഡയറക്ടറേറ്റും ലയങ്ങൾ നവീകരിക്കുന്നതിൽ ഒരു നടപടിയും സ്വീകരിച്ചില്ല.