കട്ടപ്പന : ജില്ലക്ക് പ്രത്യേക പാക്കേജും ഇടുക്കിയേ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ആവശ്യപെട്ട് പുറ്റടി സ്‌പൈസസ് പാർക്കിലേക്ക് കർഷക കോൺഗ്രസ്സ് മാർച്ച് സംഘടിപ്പിക്കുന്നു. 31 ന് നടക്കുന്ന മാർച്ച് കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. രൂക്ഷമായ വരൾച്ചയിൽ 60 ശതമാനം കൃഷികളും കരിഞ്ഞുണങ്ങിയ ജില്ലയെ വളർച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും, പ്രത്യേക കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തുന്നത്.കേരളത്തിലെ ആകെ വരൾച്ച 257 കോടി എന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.അതിൽ 175 കോടിയുടെയും നഷ്ടം ഇടുക്കിയിലാണ്. 162200 ഹെക്ടർ സ്ഥലത്തെ ഏലം ഉണങ്ങി. കുരുമുളകും വാഴയും കരിമ്പും ജാതിയും മറ്റിതര കൃഷികളിലും വൻ നാശം സംഭവിച്ചു.ചൂടുകൂടിയതിനാൽ കന്നുകാലികൾ ചത്തത് ക്ഷീരമേഖലയേയും തളർത്തി.
കൃഷിനാശം സംഭവിച്ച കർഷകർക്ക് പുനർകൃഷിയ്ക്ക് സഹായം, ബാങ്ക് ലോണുകളിൽ പലിശ ഇളവ്, മോറട്ടോറിയം, ക്ഷീരകർഷകർക്ക് ആശ്വാസമായ പാക്കേജ്, ജല സേചന വകുപ്പ് തോടുകളിലും നദികളിലും തടയണ നിർമ്മിച്ച് ജലസേചന സൗകര്യം വർദ്ധിപ്പിക്കണം, കുളങ്ങളും മറ്റ് ഇതര ജലസേചന സൗകര്യങ്ങളും കർഷകർക്ക് നൽകാൻ പദ്ധതികൾ തയ്യാറാക്കണം,ചെറുകിട നാമമാത്ര കർഷകർക്കും അരയേക്കർ വരെയുള്ള കൃഷിക്കാർക്കും കൃഷി ഇൻഷ്വർ ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇപ്പോൾ ഒരു ഹെക്ടർ സ്ഥലമുള്ള കൃഷിക്കാർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്. ഇതിന് മാറ്റം വരുത്തേണ്ടത് അനുവാര്യമാണെന്ന് നേതാക്കളായ ആന്റണി കുഴിക്കാട്ട്, ജോസ് മുത്തനാട്ട്, അജയ് കുളത്തുകുന്നേൽ, ബാബു അത്തിമുട്ടിൽ, അജി കീഴ്വാറ്റ്, ജോസ് ആനക്കല്ലിൽ, മേരിദാസൻ, പി.ജെ.ബാബു, രാധാകൃഷ്ണൻ നായർ, കുട്ടിച്ഛൻ വേഴാപ്പറമ്പിൽ എന്നിവർ പറഞ്ഞു.