തൊടുപുഴ: 31ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന കെ.എസ്.ഇ.ബി ഓവർസീയറെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ മുണ്ടേക്കല്ല് കെ.എസ്.ഇ.ബി ക്വാട്ടേഴ്സിലെ താമസക്കാരനായ ബെന്നി ജോസഫിനെയാണ് (56)​ വിഷം ഉള്ളിൽ ചെന്ന് അവശനായ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോയ ബെന്നി മൂലമറ്റം പവർ ഹൗസിൽ എത്തിയില്ല. ഇതോടെ സഹപ്രവർത്തകർ വീട്ടുകാരോട് വിവരം തിരക്കി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 11 മണിയോടെ തൊടുപുഴയിലെ കെ.എസ്.ഇ.ബി ക്വാട്ടേഴ്സിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു ക്വാട്ടേഴ്സിൽ വിഷം കഴിച്ച നിലയിൽ ബെന്നിയെ കണ്ടെത്തിയത്. ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 31ന് യാത്രയയപ്പ് യോഗം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് സംഭവം. തനിയെ വിഷം കഴിച്ചതാണോയെന്ന് മനസിലാക്കാനായി തൊടുപുഴ പൊലീസ് ഡോക്ടർമാരുടെ സഹായം തേടിയിട്ടുണ്ട്.