തൊടുപുഴ: കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ജില്ലാ കലോത്സവം 'അരങ്ങ് 2024'ൽ പ്രതിഭകളുടെ തിളക്കം. 53 പോയിന്റോടെ അടിമാലി സി.ഡി.എസ് ജേതാക്കളായി. 35 പോയിന്റുള്ള മണക്കാടാണ് രണ്ടാമത്. മൂന്നാമതുള്ള തൊടുപുഴ സി.ഡി.എസിന് 30 പോയിന്റാണ്. തൊടുപുഴ പാപ്പൂട്ടി ഹാളിൽ കേരള സാഹിത്യ അക്കാദമിയംഗം മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും കൂടി 55 സി.ഡി.എസുകളിൽ നിന്നുള്ളവരാണ് മാറ്റുരച്ചത്. നാല് വേദികളിലായി 52 ഇനങ്ങളിൽ മുന്നൂറിലേറെ പേർ മത്സരിച്ചു. നാടൻപാട്ട്, തിരുവാതിര, മൈം, നാടോടിനൃത്തം, സംഘഗാനം, സംഘനൃത്തം, ലളിതഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, കഥാപ്രസംഗം എന്നിങ്ങനെ വിവിധ സ്റ്റേജ് മത്സരങ്ങളും രചന മത്സരങ്ങളും അരങ്ങേറി. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ സംസ്ഥാന കലോത്സവ മുൻ ജേതാവ് വിജയം ഗോപാലകൃഷ്ണനെ ആദരിച്ചു. സുഷമ ജോയി അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സി.ആർ. മിനി, തൊടുപുഴ സി.ഡി.എസ് മെമ്പർ സെക്രട്ടറി പ്രദീപ് രാജ്, സി.ഡി.എസ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.