തൊടുപുഴ: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിക്ക് തുടക്കം കുറിച്ചതായി സേവ്യേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഫാ. മാത്യു ജെ. കുന്നത്ത്, ജനറൽ സെക്രട്ടറി ഫാ. ബിബിൻ പുല്ലാന്തിതൊട്ടിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സേവ്യേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തലയനാട് ആരംഭിക്കുന്ന സ്ഥാപനത്തിൽ താമസ സൗകര്യം ഒരുക്കി സ്‌കൂളിൽ അയച്ച് ഉപരിപഠനം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പഠനത്തിനു പുറമെ വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന വിവിധ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള പദ്ധതിയും നടപ്പാക്കും. തലയനാട് 30 വിദ്യാർത്ഥികൾക്കാണ് നിലവിൽ സൗകര്യമുള്ളത്. ഇവിടെ കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കെട്ടിടത്തിന്റെ നിർമ്മാണം നടത്തിവരികയാണ്. അടുത്തവർഷം 60 കുട്ടികൾക്ക് പ്രവേശനം നൽകുകയാണ് ലക്ഷ്യം. വിരമിച്ച അവിവാഹിതരായ അദ്ധ്യാപകരുടെ സ്ഥിര സേവനവും പ്രയോജനപ്പെടുത്തും. ഇതിനായി ഇവർക്ക് ഇവിടെ താമസസൗകര്യവും ഒരുക്കും. ലൈബ്രറി, പഠനഹാൾ, ഭക്ഷണഹാൾ, ഓഫീസ് മുറി, ഗസ്റ്റ് റൂം, ഇൻഡോർ ഗെയിംസ് റൂം, ചാപ്പൽ, കിടപ്പുമുറി ഇതെല്ലാം ഇവിടെ ഒരുക്കിവരികയാണ്. നിലവിൽ നവജാത ശിശുക്കൾ മുതൽ ആറു വയസു വരെയുള്ളവരെ തൊടുപുഴയിലെ സേവ്യേഴ്സ് ഹോമിൽ പരിചരിച്ചുവരുന്നുണ്ട്. നിർദ്ധനരായ കുടുംബങ്ങളിലെ പെൺകുട്ടികൾ, 60 വയസിന് മുകളിലുള്ള നിർദ്ധനരായ സ്ത്രീകൾ എന്നിവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സേവ്യേഴ്സ് ഹോം. പി.ആർ.ഒ പി.സി. തോമസ്, സോഷ്യൽ വർക്കർ ജോസ്ന ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.