കട്ടപ്പന: അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി വൈകുന്നതിനാൽ മുരിക്കാട്ടുകുടി സർക്കാർ ട്രൈബൽ ഹയർസെക്കഡറി സ്‌കൂൾ വളപ്പിൽ വൻ അപകട ഭീഷണി. പഴയ കെട്ടിടത്തിന്റെ വാർക്ക താഴേയ്ക്ക് ഇരുന്നതിനാൽ ഭിത്തിയുടെ പലഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. ജില്ലാ പഞ്ചായത്തിൽ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവും. കെട്ടിടം താഴേക്ക് ഇടിഞ് ഇറങ്ങുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇതോടെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് ചരിഞ്ഞിരിക്കുകയാണ്. എൽപി, ഹൈസ്‌കൂൾ ക്ലാസ് മുറികളും ഓഫിസുമെല്ലാം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തേയ്ക്കാണ് മെൽകുര ചരിഞ്ഞിരിക്കുന്നത്.
2002-03 കാലഘട്ടത്തിൽ പ്ലസ്ടു കമ്പ്യൂട്ടർ ലാബിനായാണ് ഈ കെട്ടിടം നിർമിച്ചത്. അന്നത്തെ എംപികെ.ഫ്രാൻസിസ് ജോർജാണ് ഫണ്ട് അനുവദിച്ചത്. തുടർന്ന് ഇതിനോടു ചേർന്ന് ക്ലാസ് മുറിയും ആരംഭിച്ചു. നാല് മുറികളുള്ള ഈ കെട്ടിടത്തിന്റെ പലയിടങ്ങളിലും വിള്ളൽ വീഴാൻ തുടങ്ങിയതോടെ പുതിയ കെട്ടിടം നിർമിച്ച് ക്ലാസ് മുറികളും ലാബും അവിടേയ്ക്ക് മാറ്റി. തുടർന്ന് കെട്ടിടം പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് വ്യക്തമാക്കി ജില്ലാ പഞ്ചായത്തിന് കത്തും നൽകി. പലതവണ കത്ത് നൽകിയതോടെ കെട്ടിടം പൊളിച്ചുനീക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാനായി ഉദ്യോഗസ്ഥർ പരിശോധന നടത്തി മടങ്ങുകയും ചെയ്തു. എന്നാൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും കെട്ടിടം പൊളിച്ചിട്ടില്ല.