pipe
കണക്ഷൻ വിച്ഛേദിച്ച പൊതുടാപ്പ്

 പൊതുടാപ്പ് കണക്ഷനും വിച്ഛേദിച്ചു

 ക്രൂരത ജലവിഭവ മന്ത്രിയുടെ മണ്ഡലത്തിൽ

ചെറുതോണി: അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും കുടിവെള്ള കണക്ഷൻ നൽകിയില്ലെന്ന് മാത്രമല്ല,​ ഏക ആശ്രയമായ പൊതുകുടിവെള്ള ടാപ്പിന്റെ കണക്ഷൻ യാതൊരു മുന്നറിയിപ്പും കൂടാതെ വിച്ഛേദിക്കുകയും ചെയ്തു. കൊച്ചുപൈനാവ് നിവാസികളോടാണ് വാട്ടർ അതോറിട്ടിയുടെ ക്രൂരത. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥ മൂലമാണ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി സൗജന്യമായി നൽകുന്ന ജൽജീവൻ മിഷന്റെ കുടിവെള്ള കണക്ഷൻ നൽകാതിരിക്കുന്നത്. കൊച്ചു പൈനാവ് കോളനിയിലുള്ളവർക്ക് വെള്ളം എടുക്കുന്നതിനായി പൊതുവായി സ്ഥാപിച്ച വാട്ടർ കണക്ഷൻ പൈപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജലവിതരണ അതോറിട്ടി ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. ഇതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കിലോമീറ്ററുകൾ സഞ്ചരിച്ച് കുടിവെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ ഇപ്പോൾ. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സ്വന്തം മണ്ഡലത്തിലാണ് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളോട് വകുപ്പിന്റെ കടുത്ത നീതിനിഷേധം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതു പൈപ്പിന്റെ കണക്ഷനെങ്കിലും ഉടൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അപേക്ഷ പ്രകാരമുള്ള വാട്ടർ കണക്ഷൻ ഉടൻ നൽകുകയും മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച പൊതുടാപ്പ് തുറന്ന് കൊടുക്കാൻ അധികൃതർ ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിക്കും ജലവിഭവ മന്ത്രിക്കും മേലുദ്യോഗസ്ഥർക്കും പരാതി നൽകാകാനിരിക്കുകയാണ് പ്രദേശവാസികൾ.

'പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സൗജന്യ പദ്ധതിയിൽപ്പെടുത്തി അനുവദിക്കപ്പെട്ട വാട്ടർ കണക്ഷൻ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നൽകാത്തത് ഗൗരവമുള്ള ഉദ്യോഗസ്ഥ വീഴ്ചയാണ് "

-കോട്ടക്കൽ വീട്ടിൽ കെ.പി. രവീന്ദ്രൻ (അപേക്ഷകൻ)

'ജീവനക്കാർ ഇല്ലാത്തതിനാലാണ് കണക്ഷൻ നൽകാത്തത്. കോളനി നിവാസികൾ പൊതു ടാപ്പിൽ നിന്നുള്ള വെള്ളം ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് പൊതു പൈപ്പ് കണക്ഷൻ വിച്ഛേദിച്ചത്."

-അസിസ്റ്റന്റ് എൻജിനിയർ