tree
ഇന്നലെ കടപുഴകി വീണ മരം

മുട്ടം: മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ, അമ്പാട്ട് കോളനി ഭാഗങ്ങളിൽ എം.വി.ഐ.പിയുടെ ഭൂമിയിലുള്ള മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും അപകടങ്ങൾ പതിവാകുന്നു. ആറാട്ട് കടവിന് സമീപത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് വൻ മരങ്ങളാണ് കടപുഴകി നിലംപതിച്ചത്. ഐ.എച്ച്.ഡി.പിക്ക് സമീപം മോട്ടോർ പുരയുടെ മുകളിലേക്ക് വലിയ വാകമരം ഇന്നലെ കടപുഴകി. രണ്ട് കോളനി പ്രദേശത്തെ നൂറു കണക്കിന് പേർ നിത്യവും സഞ്ചരിക്കുന്ന പാതയോട് ചേർന്നാണ് മരങ്ങൾ കടപുഴകിയത്. മോട്ടോർ പുരയ്ക്ക് സമീപം ഒരു വർഷം മുമ്പ് മരത്തിന്റെ ശിഖരം അടർന്ന് വീണ് പ്രദേശവാസിയുടെ വിറക് പുരയും കോഴിക്കൂടും തകർന്നിരുന്നു. മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ എം.വി.ഐ.പി അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.