pappachan

കട്ടപ്പന: പുതുതലമുറിയിൽ സന്തുഷ്ട ദാമ്പത്യമെന്നത് വിരളമാകുമ്പോൾ 81-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് 103 വയസുള്ള ഇരട്ടയാർ നാങ്കുതൊട്ടി പി.വി. ആന്റണി എന്ന പാപ്പച്ചനും 98 വയസുള്ള ഭാര്യ ക്ലാരമ്മയും. ചട്ടയും മുണ്ടുമണിഞ്ഞ് ഭർത്താവിന്റെ കൈപിടിച്ച് കുശലങ്ങൾ പറഞ്ഞ് ജീവിതവഴിയിൽ നടന്നു നീങ്ങുന്ന ക്ലാരമ്മയും പാപ്പച്ചനും നാട്ടുകാർക്ക് വേറിട്ട കാഴ്ചയാണ്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുമില്ല. ഉറ്റ സുഹൃത്തായിരുന്ന കൊല്ലംപറമ്പിൽ മത്തായിയുടെ ഭാര്യാസഹോദരിയായ പൊൻകുന്നം തൊമ്മിത്താഴത്ത് ക്ലാരമ്മയെ 1943 ഫെബ്രുവരി എട്ടിനാണ് പാപ്പച്ഛൻ ജീവിതസഖിയാക്കിയത്. നാട്ടിലാകെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന അക്കാലത്ത് വിവിധയിടങ്ങളിൽ കൃഷി ചെയ്ത് പാപ്പച്ചൻ മുന്നോട്ടുപോകവെയാണ് വീടിനു തീപിടിച്ച് സർവവും നഷ്ടമായത്. വീണ്ടും ജീവിതം കരുപ്പിടുപ്പിക്കുന്നതിനിടെ വീട്ടിൽ മോഷണവും നടന്നു. അക്കാലത്താണ് കുടിയേറ്റത്തെക്കുറിച്ച് അറിഞ്ഞ് ഹൈറേഞ്ചിലേക്ക് പോകാൻ ഇരുവരും തീരുമാനിച്ചു. എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ കൈക്കാരനായി പ്രവർത്തിച്ചുവരവെയായിരുന്നു കുടിയേറ്റം. ഹൈറേഞ്ചിൽ എത്തിയശേഷവും കൃഷിക്കും പൊതുപ്രവർത്തനത്തിനുമൊപ്പം കുടുംബ ജീവിതവും നന്നായി മുന്നോട്ടുകൊണ്ടുപോകാൻ ഇദ്ദേഹം ശ്രദ്ധിച്ചു. 10 മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ ഭാര്യമാരും അവരുടെ മക്കളുമായി 84 പേരടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ കാരണവൻമാരാണിവർ. ഇരട്ടയാർ നാങ്കുതൊട്ടി സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. ജോസഫ് പൗവ്വത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായാത്. ദമ്പതികളുടെ ജീവിത നാൾവഴികൾ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം ഫാ. ജോസഫ് പുത്തൻ പുരയ്ക്കൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന അനുമോദന യോഗം നടത്തി.