bijimol

തൊടുപുഴ: ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ന്യൂമാൻ കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്ത ഡോ. ബിജിമോൾ തോമസ് കോളജിനെ ഒരുപിടി ചരിത്രനേട്ടങ്ങളുടെ നിറവിൽ എത്തിച്ചശേഷം തൽസ്ഥാനത്തു നിന്ന് ഇന്ന് വിരമിക്കുന്നു. കോതമംഗലം രൂപതയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദ്യ വനിതാ പ്രിൻസിപ്പൽ എന്ന ഖ്യാതിയിലാണ് ടീച്ചർ 2022ൽ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞമാസം നടന്ന നാക് അക്രഡിറ്റേഷനിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കോറായ 3.71 ഗ്രേഡ് പോയിന്റോടെ എ++ ഗ്രേഡ് എന്ന നേട്ടത്തിലെത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ടീച്ചറിന്റെ പടിയിറക്കം. കാസർഗോഡ് ഗവ. കോളജിൽ ലക്ചററായി തുടങ്ങി. മുരിക്കാശ്ശേരി പാവനാത്മ കോളജ്, മൂവാറ്റുപുഴ നിർമ്മല കോളജ്, ന്യൂമാൻ കോളജ് എന്നിവിടങ്ങളായി 28 വർഷം അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ന്യൂമാൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി, ഐ.ക്യു.എ.സി കോർഡിനേറ്റർ എന്നീ നിലകളിലുള്ള മികച്ച പ്രവർത്തനമാണ് ടീച്ചറെ കോളേജിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തിച്ചത്. കോളജിന്റെ മുഖച്ഛായ മാറ്റിയ ഒട്ടനവധി അടിസ്ഥാന സൗകര്യവികസനവും ഇക്കാലയളവിൽ നടന്നു. മികച്ച കോളേജ് പ്രിൻസിപ്പലിനുള്ള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അവാർഡും ടീച്ചറെ തേടിയെത്തി. പൗരസ്ത്യവിദ്യാപീഠത്തിന്റെ സെനറ്റ് മെമ്പർ കൂടിയാണ്. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ന്യൂമാനീയം എക്‌സ്‌പോ ടീച്ചറുടെ സഘാടക മികവിന് ഉദാഹരണമായിരുന്നു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പിതാവ് ഫ്രൊഫ. സി.ജെ. തോമസിന്റെ പാത പിന്തുടർന്നാണ് ടീച്ചർ ഒരു ഇംഗഗ്ളീഷ് സാഹിത്യാദ്ധ്യാപികയായത്. അമ്മ ചിന്നമ്മ തോമസും ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. തൊടുപുഴ ഒളമറ്റം സ്വദേശി സ്റ്റീഫൻ ജോസഫ് കാക്കാംതോട്ടിലാണ് ഭർത്താവ്. ഏകമകൾ: നിമ്മി സ്റ്റീഫൻ (പി.എച്ച്.ഡി വിദ്യാർത്ഥിനി,​ ട്രിച്ചി സെന്റ് ജോസഫ്സ് കോളേജ്)​.