കട്ടപ്പന :ഇരുപതേക്കർ പാലവുമായി ബന്ധപ്പെട്ട് സിപി.എം കട്ടപ്പന നഗരസഭയ്ക്ക് എതിരെ നടത്തുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം.ഇരുപതേക്കർ പാലം നിർമ്മാണം യൂ ഡി എഫ് ഭരിക്കുന്ന നഗരസഭ അനിശ്ചിതത്വത്തിൽ ആക്കിയെന്ന് ആരോപിച്ച് സിപിഎം കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനവും ധർണ്ണാ സമരവും സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ പരിപാടിയിൽ ആരോപിച്ച വിഷയങ്ങളിൽ മറുപടിയുമായാണ് യു.ഡിഎഫ് ജില്ലാ ചെയർമാൻ രംഗത്ത് വന്നത്.പാലം നിർമ്മാണത്തിന്റെ ഭാഗമായി മാറി താമസിക്കേണ്ട കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകുന്നതിൽ നഗരസഭ അന്തിമ തീരുമാനം. എടുത്തിരുന്നു. സ്ഥലം വിട്ടുനൽകിയാൽ ഹൈവേ നിർമ്മാതാക്കൾ വീട് വെച്ച് നൽകുമെന്നും അറിയിച്ചു. ഇതിനായിട്ടുള്ള നടപടികൾ പുരോഗമിക്കുമ്പോൾ, പ്രകൃതിദുരന്തത്തിൽ പെടുന്നവർക്ക് സർക്കാർ വീടും സ്ഥലവും നൽകുന്ന പദ്ധതിയിൽ ഈ കുടുംബത്തിനും പദ്ധതി ആനുകൂല്യം ലഭ്യമാകും എന്ന സ്ഥിതി വന്നതോടെയാണ് ,തങ്ങൾ വീട് വെച്ച് നൽകുമെന്ന വാദവുമായി സി.പി.എം രംഗത്ത് വരുന്നത്. പാലം നിർമ്മാണം നടക്കുകയില്ല എന്ന് കാണിച്ച് രാഷ്ട്രീയ വിരോധം തീർക്കുകയാണ് സിപിഎം.പാലം നിർമ്മാണം അടുത്ത റീച്ചിൽ തന്നെ നടക്കുമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.