drainage
മുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം അപകടാവസ്ഥയിലുള്ള ഓട

മുട്ടം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള ഓട അപകടഭീഷണിയിലെന്ന് പരാതി. ഓടയ്ക്ക് മുകളിലെ സ്ലാബ് ഒടിഞ്ഞതിനെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. നിത്യവും അനേകം പേർ സഞ്ചരിക്കുന്നതും മുട്ടം,​ ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങളും കടന്നു പോകുന്ന പാതയോരത്താണ് അപകടക്കെണി. ഇതിനോട് ചേർന്ന് അനേകം കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലോറി ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. മുട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ കടന്ന് പോകുന്ന പാതയ്ക്ക് സമീപത്തുള്ള ഓടയുടെ അപകടാവസ്ഥ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.