rajakkad
രാജാക്കാട്ട് ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്താൻ പൊതുമരാമത്ത്,പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുന്നു'

രാജാക്കാട്:രാജാക്കാട് -പൊന്മുടി റോഡിലെ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്താൻ പരിശോധന നടത്തി.ശാന്തമ്പാറ പി.ഡബ്ല്യു ഡി വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിലാണ് സ്ലാബുകൾ മാറ്റി പരിശോധന നടത്തിയത്.ഈ റോഡിലേക്ക് ഓടകൾ വഴി മലിനജലം ഒഴുക്കിവിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഇടപെടുകയും മലിനജലം ഒഴുകാതിരിക്കാൻ ഓടയുടെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തിരുന്നു.തുടർന്ന് ചില സാമൂഹ്യവിരുദ്ധർ അടച്ചുവച്ച ഭാഗത്തെ കോൺക്രീറ്റ് കുത്തിപ്പൊട്ടിച്ച് മലിനജലം ഒഴുക്കിവിടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതരെ വിവരം അറിയിക്കുകയും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ലാബുകൾ മാറ്റി മലിനജലം ഓടയിലേക്ക് അനധികൃതമായി ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തത്.ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ പൊന്മുടി റോഡിൽ പഞ്ചായത്ത് ഓഫീസ് റോഡ് ജംഗ്ഷൻ വരെ 250 മീറ്റർ ദൂരമാണ് ഉള്ളത് അതിൽ 150 മീറ്റർ ഭാഗത്തു മാത്രമാണ് ഓട നിർമ്മിച്ച് സ്ലാബിട്ട് മൂടിയിട്ടുള്ളത് 100 മീറ്റർ ഭാഗം തുറന്നാണ് കിടക്കുന്നത് ഇതുവഴിയാണ് മലിനജലം ഒഴുക്കി മറ്റു കടക്കാർക്കും സ്ഥാപനങ്ങൾക്കും,വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്.ഇതുവഴി വാഹനം കടന്നുപോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്തേക്കും,സമീപത്തുകൂടി പോകുന്ന വാഹനങ്ങളിലേക്കും ദുർഗന്ധമുള്ള മലിനജലം തെറിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ പരാതിയുമായി പഞ്ചായത്തിനേയും ആരോഗ്യവിഭാഗം അധികാരികളേയും സമീപിച്ചത്.അതിന്റെ അടിസ്ഥാനത്തിലാണ് ഓടകൾ വൃത്തിയാക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.പി.ഡബ്ല്യു ഡി ശാന്തമ്പാറ അസി. എഞ്ചിനീയർ ഇ.കെ സുഷീർ,ഓവർസീയർമാരായ ഷീജ മാത്യു,ദിവ്യ ചന്ദ്രൻ,രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം. എസ് സതി,സെക്രട്ടറി ആർ.സി സുജിത് കുമാർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബിജി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഓട വൃത്തിയാക്കൽ ജോലികൾ നടത്തിയത്.മഴവള്ളം തടസമില്ലാതെ ഒഴുകി പോകാനാണ് ഓടകൾ നിർമ്മിച്ചതെന്നും കടകളിൽ നിന്നും, മറ്റു സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഓടയിലേക്ക് ഒഴുക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ പറഞ്ഞു