തൊടുപുഴ: കരിമണ്ണൂർ സ്വദേശിയായ 53 കാരിയുടെ നെഞ്ചിനുള്ളിലേക്ക് വളർന്ന തൈറോയ്ഡ് ഗ്രന്ഥി ഹോളി ഫാമിലി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാധാരണയായി കഴുത്തിൽ കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിനുള്ളിലേക്ക് വളർന്ന് റിട്രോസ്‌റ്റേണൽ ഗോയിറ്റർ എന്ന രോഗാവസ്ഥയിലായിരുന്നു രോഗി. നെഞ്ചിലെ പ്രധാന രക്തക്കുഴലുകളോടും ശ്വാസനാളത്തോടും ചേർന്നിട്ടായിരുന്നതിനാൽ രോഗിക്ക് ശ്വാസമെടുക്കുന്നതിനും പ്രയാസമുണ്ടായിരുന്നു. സാധാരണ ചെയ്യുന്നനെഞ്ചിനു നടുവിലെ അസ്ഥി തുറന്നുള്ള ശസ്ത്രക്രിയ ഇല്ലാതെ തന്നെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിനാൽ അതിവേഗം സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു. ജനറൽ, ലാപ്രോസ്‌കോപ്പിക് ആൻഡ് റോബോട്ടിക് സർജൻ ഡോ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.തോമസ്,ഡോ.ഉഷ,ഡോ.വിനു എന്നിവരും ഡോ.അഖില, സ്റ്റാഫ് നേഴ്‌സുമാരായ ദീപ്തി, സതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.