ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ പകലും യാത്രയ്ക്ക് നിരോധനം
തൊടുപുഴ: ലോറേഞ്ചിൽ മഴ കനത്തതിനെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കുളമാവ് കരിപ്പലങ്ങാടിന് സമീപം വീടിന് പിൻവശത്തേക്ക് മൺതിട്ടയിടിഞ്ഞ് വീണ് യുവതി കുടുങ്ങി. കരിപ്പലങ്ങാട് പാടത്തിൽ അനുജമോളാണ് (33) മണ്ണിനടിയിൽപ്പെട്ടത്. യുവതിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പിന്നീട് രക്ഷിച്ചു. കാലിനു മുകളിലേയ്ക്ക് മാത്രം മണ്ണ് വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൂച്ചപ്ര കുളപ്പുറത്തും ചേറാടിയിലും ഉരുളുപൊട്ടലുണ്ടായി. ചേറാടിയിൽ രണ്ട് കുടുംബങ്ങൾ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് ഒരു കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ- പുളിന്മല സംസ്ഥാന പാതയിൽ കരിപ്പലങ്ങാടിന് സമീപം കാറിനു മുകളിലേയ്ക്ക് മണിടിഞ്ഞു വീണു, കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇലപ്പള്ളി വില്ലേജിൽ പുത്തേട്- പുള്ളിക്കാനം റോഡിൽ മണ്ണ് വീണ് ഗതാഗതം തടസപ്പെട്ടു. ആ ഭാഗത്തുള്ള രണ്ടു വീട്ടുകാരെ മാറ്റി പാർപ്പിച്ചു. താഴ്‌വാരം കോളനിയിൽ പാലം കവിഞ്ഞൊഴുകി. താഴ്‌വാരം കോളനി വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകുകയാണ്. പന്നിമറ്റം വടക്കാനാർ കരകവിഞ്ഞു. പുഴയോരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മൂലമറ്റം- ചെറുതോണി റോഡിൽ നിരവധിയിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. നാടുകാണിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ പോകുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയൊട്ടാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ടുണ്ട്.
രണ്ട് ദുരിതാശ്വാസ
കേന്ദ്രങ്ങൾ തുറന്നു
പന്നിമറ്റം സെന്റ് ജോസഫ് എൽ.പി സ്‌കൂൾ, വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകൾ. നിരവധി കുടുംബങ്ങളെ ഇവിടേയ്ക്ക് മാറിയിട്ടുണ്ട്.
ഉടുമ്പന്നൂരിൽ അതിതീവ്രമഴ,
ഒരു മണിക്കൂറിൽ 99 മില്ലി മീറ്റർ
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ഉടുമ്പന്നൂരിലുള്ള ഐ.എം.ഡിയുടെ ഓട്ടോമേറ്റഡ് വെതർസ്റ്റേഷനിൽ 3.45 മണിക്കൂറിനിടെ 232.5 മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. വൈകിട്ട് 3.30 മണിയോടെയാണ് മഴ ശക്തമായത്. ആദ്യ അരമണിക്കൂർ 34.5 മില്ലി.മീറ്റർ മഴ കിട്ടി. പിന്നാലെ നാല് മുതൽ അഞ്ച് വരെയുള്ള സമയത്ത് 99 മി.മീ. മഴയും 5 മുതൽ പിന്നീടുള്ള ഓരോ മണിക്കൂറിലും 40 മില്ലി മീ വീതം മഴയും കിട്ടി. മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയാണ് നാല് മുതൽ അഞ്ച് വരെ ഉടുമ്പന്നൂരിൽ രേഖപ്പെടുത്തിയത്. ഉടുമ്പന്നൂർ പ്രദേശത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തൊടുപുഴ, മൂലമറ്റം, കുളമാവ്, വാഗമൺ, മൂവാറ്റുപുഴ, നേര്യമംഗലം തുടങ്ങിയ ഇടങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.
ഇന്നലെ രാത്രി തൊടുപുഴ -പുളിയന്മല സംസ്ഥാന പാതയിൽ കരിപ്പലങ്ങാടിന് സമീപം കാറിന് മുകളിലേക്ക് മണ്ണും മരങ്ങളം പതിച്ചപ്പോൾ, കാർ യാത്രികർ അദ്ഭുതകരമായി രക്ഷപെട്ടു