കട്ടപ്പന: അച്ഛൻ സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസം മകൻ അതേ വകുപ്പിൽ ഇൻസ്പെക്ടറായി സർവീസിലേക്ക്. എക്‌സൈസ് പ്രിവന്റീവ് ഓഫീസറും കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. സജീവ് ഇന്നലെയാണ് വിരമിച്ചത്. അന്നേദിവസം മകൻ കെ.എസ്. അഭിജിത്താണ് എക്സൈസ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. നിലവിൽ പൊലീസ് എസ്.ഐ ട്രെയ്നിംഗിലാണ്. ഇടയിൽ എക്സൈസ് ഇൻസ്പെക്ടറായി ജോലി ലഭിച്ചതുകൊണ്ടാണ് ഇതിലേക്ക് തിരിയുന്നത്. അച്ഛൻ 22 വർഷം ജോലി ചെയ്തതിന്റെ ഗൃഹാതുരതയുമുണ്ട് അഭിജിത്തിന്. അത്യപൂർവ മുഹൂർത്തമായാണ് ഇരുവരും കരുതുന്നത്. ആർ. സജീവ് 1998ലാണ് കേരള ഫയർ സർവീസിൽ പ്രവേശിച്ചത്. 2002ൽ എക്സൈസ് വകുപ്പിൽ ജോലികിട്ടി. പിന്നീട് അട്ടപ്പാടിയിലേക്ക് മാറി. 2016ന് ശേഷമാണ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചത്. വകുപ്പിൽ പുതിയ ഓഫീസുകൾ സ്ഥാപിക്കാനും ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും പ്രക്ഷോഭങ്ങൾ ഉൾപ്പെടെ ഇടപെടലുകൾക്ക് നേതൃത്വം നൽകി. കുഞ്ചിത്തണ്ണി സ്വദേശിയായ സജീവ് സർവീസിന് മുമ്പ് പൊതുപ്രവർത്തകനായിരുന്നു.