farm-

കരിന്തളത്ത് രണ്ടു പശുക്കൾ ചത്തു

നിരവധി പശുക്കൾ തളർന്നുവീണു

കാസർകോട് : അത്യുഷ്ണം കന്നുകാലിവളർത്തലിലേർപ്പെട്ട കർഷകരെ തെരുവാധാരമാക്കുമെന്ന് ഭയം. വെള്ളം ലഭിക്കാതെ പശുക്കൾ ചാകുന്നതും തളർന്നുവീഴുന്നതും പതിവായതോടെ മലയോരമേഖലത്തെ ക്ഷീരമേഖല ചരിത്രത്തിലിതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

കിണറുകളും തോടുകളും വരളുകയും നീരൊഴുക്ക് ഇല്ലാതാകുകയും ചെയ്തതോടെയാണ് മലയോരത്ത് പശുവളർത്ത് പ്രതിസന്ധിയിലായത്. അത്യുൽപ്പാദന ശേഷിയുള്ള പശുക്കളാണ് അപകടത്തിനിരയാകുന്നതിൽ കൂടുതലും.ചൂട് താങ്ങാൻ പറ്റാത്ത ഈ ഇനങ്ങൾക്ക് ആവശ്യത്തിന് വെള്ളം നൽകാൻ സാധിക്കാത്തതാണ് തളർന്നുവീഴുന്നതിനും ചത്തുപോകുന്നതിനും ഇടയാക്കുന്നത്.

ഏഴ് ക്ഷീര സംഘങ്ങൾ പഞ്ചായത്തിലുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് വാഹനത്തിൽ വെള്ളം എത്തിച്ച് കൊടുക്കുന്നുണ്ട്. എന്നാൽ കന്നുകാലികൾക്ക് വെള്ളം നൽകാൻ പദ്ധതിയില്ല. ഫണ്ടില്ലാത്തതിന്റെ പേരിൽ ഡയറി ഡിപ്പാർട്ട്‌മെന്റും പഞ്ചായത്തും കൈമലർത്തുകയാണെന്ന് പറയുന്നു.

കരിന്തളം കന്നുകാലികളുടെ ശ്മശാനമാകുമോ!

കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആയിരത്തോളം ക്ഷീര കർഷകരാണുള്ളത്.ഈ മേഖല ഒന്നാകെ കടുത്ത വരൾച്ച ബാധിതമാണിപ്പോൾ. കുടിവെള്ളം തന്നെ ഗ്രാമപഞ്ചായത്ത് ഇടപെട്ട് വിതരണം ചെയ്തുവരികയാണ്.

കാലിച്ചാമരം ക്ഷീര സംഘത്തിന്റെ കീഴിലുള്ള 200 ഓളം പശുക്കൾ ഏതുസമയത്തും അപകടത്തിൽ പെടാവുന്ന നിലയിലാണ്. . സംഘത്തിന്റെ കീഴിൽ പാൽ അളക്കുന്ന 70 ഓളം കർഷകരും അഞ്ച് ഫാം ഉടമകളും എന്തുചെയ്യണമെന്നറിയാതെ എരിപൊരി കൊള്ളുകയാണ്. കൊണ്ടോടിയിലെ കെ.എൻ. ഭാസ്‌ക്കരന്റെ പശു ചത്തു. കോയിത്തട്ടയിലെ പി.ശിവരാജിന്റെ ആലയിൽ ഒരു പശു തളർന്നുവീണു. വെറ്റിനറി സർജൻ എത്തി കുത്തിവെപ്പ് നടത്തിയാണ് ഇതിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. കുമ്പളപ്പള്ളി, പരപ്പച്ചാൽ, മാനൂരി, കിളിയളം ചാലുകൾ വറ്റിവരണ്ടിരിക്കുകയാണ്.

വെള്ളമില്ലാത്തതിന്റെ പേരിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷക മേഖലയെ കടുത്ത ദുരിതത്തിലാക്കുകയാണ്. അടിയന്തിരമായി വെള്ളം എത്തിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. പി.പി.നാരായണൻ (മിൽമ ഡയറക്ടർ )


വെള്ളം എത്തിക്കാൻ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഫണ്ടില്ലെന്ന് ആണ് പറയുന്നത്. ദുരന്ത നിവാരണ സമതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇടപെട്ടാൽ പ്രശ്നം പരിഹരിക്കുക എളുപ്പമായേക്കും.

പി.എം.രാജൻ ( കാലിച്ചാമരം ക്ഷീര സംഘം സെക്രട്ടറി )

യോഗം വിളിച്ചു

കരിന്തളം : കടുത്ത വേനലിൽ കരിന്തളം ഗ്രാമപഞ്ചായത്തിലെക്ഷീര കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനായി വെറ്റിനറി ഡോക്ടർ , ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, ക്ഷീരസംഘം ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി ഇന്ന് രാവിലെ 11 മണിക്ക് കോയിത്തട്ട കുടുംബശ്രീ കെട്ടിടത്തിൽ യോഗം ചേരും.