കണ്ണൂർ: ജില്ലയിൽ സി.പി.എമ്മിനെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാക്കളിലൊരാളാണ് ഒ വി നാരായണൻ. അടിയന്തരാവസ്ഥക്കാലത്തടക്കം നിർണായകമായ ഘട്ടങ്ങളിൽ ജില്ലയിലെ പാർട്ടിയെ നയിക്കുന്നതിൽ മുന്നിൽ നിന്നിട്ടുണ്ട് അദ്ദേഹം. ഏറ്റവുമൊടുവിൽ അവശതയ്ക്കിടയിലും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു അദ്ദേഹം.
ഏഴോം ഓലക്കൽ തറവാട്ടിൽ 1939 ജൂൺ അഞ്ചിനായിരുന്നു ജനനം. ഏഴോം ഹിന്ദു എൽ.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയർ എലിമെന്ററി സ്‌കൂളിൽ നിന്ന് (ബോയ്സ് ഹൈസ്‌കൂൾ) ഇ.എസ്.എൽ.സി പാസായി. ദാരിദ്ര്യമൂലം തുടർപഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടതൊഴിലാളിയായി. നാട്ടിൽ മടങ്ങിയെത്തി കർഷക തൊഴിലാളിയായി. 1959 വരെ കർഷകതൊഴിലാളിയായിരുന്നു. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് കർഷകസംഘം നേതാക്കളായ പി.വി.അപ്പക്കുട്ടി, പയ്യരട്ട രാമൻ,പരിയാരം കിട്ടേട്ടൻ, കാക്കാമണി കുഞ്ഞിക്കണ്ണൻ എന്നിവർക്കൊപ്പമെത്തിയത്. 1958 ൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായി. സാധാരണ പാർടിയംഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി. സംഘാടകൻ, സഹകാരി, ഭരണകർത്താവ് എന്നി നിലകളിലെല്ലാം ശ്രദ്ധേയനായി. പാർട്ടി സിദ്ധാന്തവും പ്രേയോഗവും കൂട്ടിയിണക്കുന്നതിൽ അസാമാന്യ പാടവമുള്ള നേതാവായിരുന്നു ഒ.വി.
ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലുടെ എതിരാളികളിൽപോലും മതിപ്പുളവാക്കി.പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ ഒ.വി എന്ന രണ്ടക്ഷരമായി.ഏഴോത്തെ കൃഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച ഒ.വി കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റായി 16 വർഷം പ്രവർത്തിച്ചു. മലയോര കർഷകരുടെ പ്രശ്നങ്ങളിലടക്കം ഇടപെടാനും സമരങ്ങൾ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ കാർഷിക മേഖലയിലടക്കം നടപ്പാക്കിയ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. നിരവധി തവണ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. ഏഴോത്തെ ചെമ്മീൻകണ്ടി പ്രശ്നം രമ്യമായി പരിഹരിച്ചതിന്റെ പേരിലായിരുന്നു ഒന്ന്. വീട് റെയ്ഡ് ചെയ്ത പൊലീസ് ഒ.വിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചു. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം അറസ്റ്റു ചെയ്ത് ജയിലടച്ചു. രണ്ടു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു.1970ലെ മാടായി മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സി പി എം പ്രവർത്തകരുടെ വീടും മറ്റും അക്രമിക്കപ്പെട്ടപ്പോൾ ഭീഷണി വകവെക്കാതെ പ്രവർത്തകരെ പങ്കെടുപ്പിച്ച് മാട്ടൂലിൽ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിലെ ഒ.വിയുടെ വൈകാരികമായ പ്രസംഗത്തോടെയാണ് അതിക്രമത്തിന് അയവു വന്നത്. സഹകരണ മേഖലകളെ ഭാവനപൂർണ്ണമായ ഇടപെടലിലൂടെ മുന്നോട്ടു നയിച്ചു. കേരള സിറാമിക്സും സ്പിന്നിംഗ് മില്ലും ഉൽപാദനക്ഷമമാക്കുന്നതിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
മുഖ്യമന്ത്രി അനുശോചിച്ചു
കണ്ണൂർ: മുതിർന്ന സി പി.എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്‌നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനായിരുന്നു ഒ.വി.നാരായണൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.