കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ പുതുക്കിയ സർക്കുലർ പ്രകാരമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഇന്നലെ
കണ്ണൂർ തോട്ടട ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ എത്തിയ പഠിതാക്കൾ നിരാശയോടെ മടങ്ങി. .ഇന്നലെ പുലർച്ചെ മുതൽ കണ്ണൂർ തോട്ടട ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ എത്തിയവരോട് ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ടെസ്റ്റ് നടക്കില്ലെന്ന കാര്യം ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
നിരവധി ആശങ്കകളുണ്ടായിരുന്നെങ്കിലും ചിലപ്പോൾ ടെസ്റ്റ് നടക്കുമെന്ന് ഡ്രൈവിംഗ് സ്കൂളുകൾ അറിയിച്ചതിനെ തുടർന്ന് പഠിതാക്കൾ പുലർച്ചെ തന്നെ എത്തി ക്യൂവിൽ നിന്നത്.സാധാരണ ദിവസങ്ങളിൽ രാവിലെ എട്ടോടെ ടെസ്റ്റ് തുടങ്ങാറുണ്ട്. ഉദ്യോഗസ്ഥരും കൃത്യസമയത്ത് തന്നെ ടെസ്റ്റ് കേന്ദ്രത്തിൽ എത്തിയിരുന്നു.എന്നാൽ പുതുക്കിയ സർക്കുലർ പ്രകാരം ടെസ്റ്റ്
നടത്താൻ സൗകര്യം ഇല്ലാത്തതു കൊണ്ട് തന്നെ ലിസ്റ്റ് പ്രകാരം ഉദ്യോഗസ്ഥർ ആരെയും വിളിച്ചില്ല.
നിർദ്ദേശം ലഭിച്ചാൽ അറിയിക്കും
ടെസ്റ്റിനെ കുറിച്ച് പുതിയ നിർദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും പുതിയ നിർദേശങ്ങൾ വന്നാൽ മാത്രമേ ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.നിർദേശം വരുന്ന മുറക്ക് മാത്രമേ പുതുക്കിയ തീയതി അറിയിക്കാൻ കഴിയുകയുള്ളുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപേക്ഷകരോട് രാവിലെ ഒൻപതോടെയാണ് ടെസ്റ്റ് നടക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. കാലത്തെ എത്തി ക്യു നിന്ന് ബുദ്ധിമുട്ടിയതിൽ ഉദ്യോഗസ്ഥർ ക്ഷമയും ചോദിച്ചു.
പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്കൂളുകൾ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂളുകളും പ്രതിഷേധിച്ചു. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനും ഡ്രൈവിംഗ് സ്‌കൂളുകളുടെ ചില സംഘടനകൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.അടിമുടി പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഡ്രൈവിംഗ് ടെടെസ്റ്റ് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ട്.
പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇങ്ങനെ
റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്. ടാറോ കോൺക്രീറ്റോ ഉപയോഗിച്ച് സ്ഥലം ഒരുക്കിയ ശേഷം ലൈനിലൂടെ വാഹനം ഓടിക്കുക, വശത്തേക്ക് പാർക്ക് ചെയ്യുക, വളവുകളിലും കയറ്റങ്ങളിലും വാഹനം ഓടിക്കുക എന്നിവയാണ് പുതിയ പരിശോധനയിൽ ഉൾപ്പെടുന്നത്.പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.
പുതുക്കിയ സർക്കുലർ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് നിലവിൽ സൗകര്യമില്ല.പുതിയ സർക്കുലറിൽ പറഞ്ഞിട്ടുള്ള രീതിയിൽ പ്രാഥമികമായി ടെസ്റ്റ് ചെയ്യേണ്ട ട്രാക്കുകൾ ഒരുങ്ങിയിട്ടില്ല.പുതിയ നിർദേശം വന്നാൽ മാത്രമേ പുതുക്കിയ തീയതി അറിയിക്കാൻ കഴിയൂള്ളു.നിർദേശം ഇതുവരെ കിട്ടിയിട്ടില്ല
എം.വി.ഐ രഞ്ജിത്ത് മോൻ