പഴയങ്ങാടി: കണ്ണൂരിൽ സി പി.എമ്മിന്റെ വളർച്ചയ്ക്കും കർഷക പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാനും അക്ഷീണം പ്രയത്നിച്ച ഒ.വി.എന്ന ഒ.വി.നാരായണന് അന്ത്യാഞ്ജലിയർപ്പിക്കാൻ സി പി.എമ്മിന്റെ സമുന്നതനേതാക്കൾ തന്നെ എത്തി.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഏഴോത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. എൽ.ഡി.എഫ് കൺവീനരും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി.ജയരാജൻ,കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി.ജയരാജൻ, ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ് തുടങ്ങിയ നേതാക്കളും ഏഴോത്തെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
രാവിലെ ഒമ്പതര മണിയോടെയാണ് എരിപുരത്തുള്ള സി പി.എം മാടായി ഏരിയ ഓഫീസിൽ ഒ.വി.ഭൗതീകദേഹം പൊതുദർശനത്തിന് വച്ചത്. ഇവിടെ നിന്ന് പതിനൊന്നുമണിയോടെ ഏഴോം ലോക്കൽ കമ്മിറ്റി ഓഫീസിൽ 11 മണിയോടെ പൊതുദർശനത്തിന് വച്ചു. ഇതിന് ശേഷമാണ് സ്വവസതിയിലേക്ക് കൊണ്ടുപോയത്. നാലുമണിയോടുകൂടി ഏഴോം കാനായി പൊതുശ്മശാനത്തിൽ എത്തിച്ച് ഭൗതീകദേഹം മുദ്രാവാക്യ വിളികളുടെ അകമ്പടിയോടെയാണ് ചിതയിലേക്ക് വെച്ചത്. ഒ.വിയോടുള്ള ആദരസൂചകമായി ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം നാലുമണിവരെ എഴോം പഞ്ചായത്തിൽ കട കമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചു.