ആറളത്തും അയ്യൻകുന്നിലും 40 ഡിഗ്രി
കണ്ണൂർ: കടുത്ത ചൂടിൽ വെന്തുരുകയാണ് കണ്ണൂർ. കണ്ണൂർ ടൗണിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഫുട്പാത്തിലെ കച്ചവടക്കാർ സ്ഥലംവിട്ടു. രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ശ്രദ്ധിക്കണമെന്ന് ദുരന്തം നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും നിലവിൽ ഉണ്ട്.
എന്നാൽ രാവിലെ 7 മുതൽ തന്നെ ചൂടിന് കാടിന്യം ഉണ്ട്. രാത്രിയിലും അത്യുഷ്ണം. പല മേഖലകളിലും വേനൽ മഴ ലഭിക്കാത്തതും ചൂട് ഇരട്ടിയാക്കി. കണ്ണൂരിന്റെ മലയോര മേഖലകളിൽ ഒക്കെയും കൂടിയ അന്തരീക്ഷ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്.
35 നും 40 നും ഇടയിലാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ആറളത്തും അയ്യൻകുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി കടന്നു. നാളകേര, അടക്ക കർഷകർ പറമ്പ് നനയ്ക്കാനാകാതെ വലയുകയാണ്. ജലലഭ്യത കുറഞ്ഞ് കമുകുകൾക്ക് വാട്ടം ബാധിച്ചു. തെങ്ങുകളിൽ നിന്ന് മച്ചിങ്ങ പൊഴിഞ്ഞു വീഴുകയാണ്. കുരുമുളക് വള്ളികളും കരിഞ്ഞുണങ്ങി.
പച്ചക്കറി വാടി
കത്തുന്ന ചൂടും ജല ലഭ്യതക്കുറവും പച്ചക്കറി ഉൽപാദനം ഗണ്യമായി കുറച്ചു. സംഘങ്ങൾ രൂപീകരിച്ച് കൃഷയിറക്കിയ കുടുംബ ശ്രീ അടക്കമുള്ള കൂട്ടായ്മകൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ചൂട് അധികരിച്ചതോടെ പൂവിട്ട്കായ്ച്ചു തു ടങ്ങിയ പച്ചക്കറി കൃഷി ചൂടേറ്റു നശിക്കുകയാണ്.പാവൽ, പടവലം എന്നിവയുടെ പൂക്കളും കായ്കളുമൊക്കെ കരിഞ്ഞുണങ്ങുകയും പൊഴിയുകയും ചെയ്യുകയാണ്. നാടൻ പച്ചക്കറിക്ക് ഭേദപ്പെട്ട വില ലഭിക്കുന്ന സമയത്താണ് കർഷർക്ക് ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായത്.
കടുത്ത വേനൽച്ചൂട് വാഴക്കർഷകർക്ക് തിരിച്ചടിയാകുന്നു.വായ്പയെടുത്താണ് പല കർഷകരും വാഴക്കൃഷി ചെയ്യുന്നത്. മൂപ്പെത്താറായ ഒട്ടേറെ ഏത്തവാഴകളാണു കൊടും ചൂടിനെത്തുടർന്ന് ഒടിഞ്ഞു വീഴുന്നത്. ഇത്തരം വാഴക്കുലകൾക്ക് വിപണിയിൽ ആവശ്യക്കാരില്ലാത്തതിനാൽ കൃഷിയിടങ്ങളിൽ കിടന്നു നശിക്കുന്നു.
കൈപ്പാടിലും തിരിച്ചടി
കൈപ്പാട് കൃഷി പ്രതിസന്ധിയിലാണ്. കൈപ്പാട് കൃഷി നടക്കുന്ന ഏഴോം , പഴയങ്ങാടി, ചെറുകുന്ന് ഭാഗങ്ങളിൽ കൈപ്പാടിലെ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുന്ന സമയമാണിത്. വെള്ളം വാർന്ന് ചെളിക്കൂന കൂട്ടി വിത്തിടേണ്ടതും ഈ സമയത്താണ്. കനത്ത ചൂട് കാരണം കൈപ്പാട് വറ്റി വരണ്ട് ചെളിക്കൂന കൂട്ടാൻ സാധിക്കുന്നില്ല.