കണ്ണൂർ: വളർത്തുമൃഗങ്ങൾ, അലങ്കാര പക്ഷികൾ എന്നിവയ്ക്ക് കടുത്ത ചൂടിനെ തുടർന്ന് വിവിധ രോഗങ്ങൾ ബാധിച്ചുതുടങ്ങിയത് ഈ മേഖലയ്ക്ക് ഇരുട്ടടിയായി. വിവിധയിനം പൂച്ചകൾ, അലങ്കാര പക്ഷികൾ, നായകൾ, മീനുകൾ എന്നിവയ്ക്ക് ചൂട് പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്.
പൂച്ചകളിലും നായ്ക്കളിലും ചർമ്മം വരളുന്നതും രോമം കൊഴിച്ചിലും വ്യാപകമായി. മൃഗാശുപത്രികളിൽ വളർത്തു മൃഗങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. പശു , പോത്ത് തുടങ്ങിയ കന്നുകാലിളിൽ നിർജലീകരണമുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളാണു വ്യാപകമാകുന്നത്.പാലുത്പാദനത്തിലും ഗണ്യമായ കുറവുണ്ട്.
ചൂട് താങ്ങില്ല അവർ
വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്നും ധാതു ലവണങ്ങൾ നഷ്ടമാകുന്നത് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാക്കും.പ്രത്യേക ശ്രദ്ധ നൽക്കാത്ത പക്ഷികൾ കനത്ത ചൂടിൽ തളർന്നു വീഴുന്നുണ്ട്.മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ ഒരു പരിധിവരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല. ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞു വീഴാനു ള്ള സാദ്ധ്യത കൂടുതലാണ്.
കോഴികളിലും ചൂടു താങ്ങാനാകാതെ രോഗം വ്യാപിക്കുന്നുണ്ട്. ചൂടുമൂലം പക്ഷി മൃഗങ്ങൾക്ക് വിശപ്പും
പ്രതിരോധ ശേഷിയും കുറയും- നീരജ് കൃഷ്ണൻ(വെറ്റിനറി ഡോക്ടർ ,പയ്യന്നൂർ)
മുൻകരുതൽ
വളർത്തു മൃഗങ്ങൾക്ക് എല്ലായ്‌പ്പോഴും ശുദ്ധമായ തണുത്ത ജലം ഉറപ്പാക്കുക.
പകൽ അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതു മായ മുറികളിൽ വളർത്തു മൃഗങ്ങളെ പാർപ്പിക്കരുത്.
ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അഭികാമ്യം
രോമം കൂടിയ ഇനത്തിൽ പെട്ട വർത്തുമൃഗങ്ങളെ ഗ്രൂമിംഗ് നടത്തി രോമക്കെട്ടുകളുടെ അളവു കുറയ്ക്കണം.
കോൺക്രീറ്റ്/ ടിൻ ഷീറ്റു കൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണച്ചാക്ക് വിരിക്കണം.
ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകണം