മടിക്കൈ: കൊടുംചൂടിൽ പുഴകളും നീർച്ചാലുകളും പാടെ വറ്റിവരണ്ടു. കൃഷിയ്ക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതിന് പുറമെ മീനുകളടക്കം പാടെ ചത്തൊടുങ്ങി സമീപകാലത്തൊന്നുമില്ലാത്ത കൊടുംവരൾച്ചയാണ് ഇക്കുറി അനുഭവപ്പെടുന്നത്.
ഇടനാടൻ ചെങ്കൽകുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന മിക്ക ചാലുകളും പാടെ വറ്റിപ്പോയിട്ടുണ്ട്. മോട്ടോർ ഉപയോഗിച്ചുള്ള പമ്പിംഗ് വലിയതോതിൽ വരൾച്ചയുടെ ആഘാതം വർദ്ധിപ്പിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്. മടിക്കൈ പഞ്ചായത്തിലെ മണക്കടവ്, തീയ്യർ പാലം, മാനൂരി ചാലുകൾ പാടെ വറ്റിവരണ്ടു.മാനൂരി ചാലിന് 10 വർഷം മുമ്പ് ക്രോസ് ബാർ നിർമ്മിച്ചിരുന്നുവെങ്കിലും ഇക്കുറി വെള്ളം പൂർണ്ണമായി വറ്റി.ഇതോടെ ഇരുകരകളിലുമുള്ള കിണറുകളിലെ ജലവിതാനം താഴ്ന്നു. പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.