കാസർകോട്: കടുത്ത ചൂടും ജലലഭ്യതക്കുറവും മൂലം പശുക്കൾ ചത്തൊടുങ്ങുന്നുവെന്ന കേരള കൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പിലെയും ഡയറി ഡവലപ്പ്മെമെന്റ് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ അടിയന്തിര ഓൺലൈൻ മീറ്റിംഗ് വിളിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണ. ക്ഷീര കർഷകർക്ക് ആശ്വാസം പകരുന്ന നടപടി ഉണ്ടാകണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
കൊടും ചൂട് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പാലിന്റെ ഉൽപാദനം ഗണ്യമായി കുറഞ്ഞെന്ന് മിൽമ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മലയോര മേഖലയിൽ കുടിവെള്ളം കിട്ടാതായതോടെ കന്നുകാലികൾ തളർന്നു വീഴുകയാണ്. അടുത്തൊന്നും മഴ പെയ്തില്ലെങ്കിൽ ക്ഷീര കർഷക മേഖലയിൽ പ്രതിസന്ധി ഗുരുതരമാകുമെന്നാണ് അധികാരികൾ വിലയിരുത്തുന്നത്. തീറ്റക്ക് പുല്ലും കിട്ടാത്ത വിധം പ്രദേശങ്ങളിൽ മിക്കതും കരിഞ്ഞുണങ്ങിയിരിക്കുകയാണ്.
ഹൈബ്രീഡ് ഇനത്തിൽപ്പെട്ട പശുവിൽ നിന്ന് ക്ഷീര കർഷകൻ രാവിലെ 15 ലിറ്ററും വൈകുന്നേരം 10 ലിറ്ററും പാൽ കറന്നെടുക്കും. ദിവസം 25 ലിറ്റർ പാൽ നൽകിയ പശുവിൽ നിന്ന് ചൂടുകാലം വന്നതോടെ 20 ലിറ്ററിൽ താഴെയാണ് കിട്ടുന്ന പാലിന്റെ അളവ്.
പാലുത്പാദനത്തിൽ വൻ ഇടിവ്
കാസർകോട് ജില്ലയിൽ 2024 ഫെബ്രുവരിയിൽ 67000 ലിറ്റർ ആയിരുന്നു പാൽ ഉദ്‌പാദനം. മാർച്ചിൽ ഇത് 56000 ലിറ്റർ ആയി കുറഞ്ഞു. ഏപ്രിലിൽ 54000 ലിറ്ററിലേക്ക് ചുരുങ്ങി. മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞത് 13000 ലിറ്റർ പാലാണ്. ജില്ലയിൽ 145 ക്ഷീര സംഘങ്ങൾ നിലവിലുണ്ട്. ഏറ്റവും വലിയ ക്ഷീര സംഘം പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം സംഘമാണ്. കിനാനൂരിൽ ഏഴും പനത്തടിയിൽ മൂന്നും സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വരൾച്ചയുടെ തീവ്രതയിൽ വെള്ളം എത്തിക്കാനുള്ള ബദൽ ഇല്ലാതായതിനാൽ പശുക്കളെ വിറ്റൊഴിവാക്കാൻ ഒരുങ്ങുകയാണ് ക്ഷീര കർഷകർ.
വെള്ളം കിട്ടാത്തതും പച്ചപുല്ല് കിട്ടാത്തതും പശുക്കളുടെ ആരോഗ്യം നിലനിർത്താൻ പ്രയാസകരം തന്നെയാണ്. മലയോരത്തെ പോലെ തന്നെ റോഡ് സൈഡുകളിൽ വിടുന്ന പശുക്കളും വെള്ളം കിട്ടാതെ വലയുന്നുണ്ട്. പാലിന്റെ അളവ് ഗണ്യമായാണ് കുറയുന്നത്. ഇത് വലിയ തിരിച്ചടിയാകും. ധാതു ലവണങ്ങളുടെ കുറവും ഉണ്ടാകും. മുഴുവൻ വെറ്റിനറി ഡോക്ടർമാരെയും വിളിച്ചു മുൻകരുതൽ നടപടികൾ എടുക്കാൻ പറഞ്ഞിട്ടുണ്ട്. കർഷകർക്ക് സഹായത്തിനു ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകും. ദുരന്ത നിവാരണ സമിതിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉഷ ദേവി,(ഡി. ഡി ഡയറി ഡവലപ്മെന്റ് വകുപ്പ് )