തലശ്ശേരി: എം.ജി.ബസാറിലുള്ള കെമിക്കൽ, സർജിക്കൽ ഗോഡൗണിലെ തീപിടിത്തത്തിന്റെ ചൂടാറും മുൻപെ തൊട്ടടുത്ത കായ്യത്ത് റോഡിലും തീപിടിത്തം. റോഡരികിൽ നിർത്തിയിട്ട ആൾട്ടോ കാറിനും സമീപത്തെ ഗോഡൗണിനുമാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. സെവൻത്ത് സീ പരസ്യ ഏജൻസി ഉടമ അരങ്ങേറ്റു പറമ്പിലെ കെ.സി.പ്രജുവിന്റെതാണ് കാർ. പിൻവശം സീറ്റും റൂഫും മറ്റും കത്തിനശിച്ചു. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ കത്തിയ സ്ഥലത്തിന് സമീപമുള്ള ശബരി ഏജൻസി ഗോഡൗണിനും തീപിടിച്ചു. ഇതിന് തൊട്ടടുത്ത് കൂട്ടിയിട്ട പാഴ് മാലിന്യങ്ങളിലും തീ പിടിച്ചു. കായ്യത്ത് റോഡിലെ ലോഡ്ജിൽ നിന്നും വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്. ഇതിനിടെ എം.ജി. റോഡിലെ കെമിക്കൽ, സർജിക്കൽ സ്ഥാപനമായ അക്ഷയ അസോസിയേറ്റ്സിലെ തീപിടിത്തം സംബന്ധിച്ച് തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.