ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരിയായ രമ കലയുടെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രി 9.30തോടെ വീടിന്റെ അടുക്കള ഭാഗത്തെ ചുമരിന്റെ ഒരു ഭാഗവും ആസ്പറ്റോസ് ഷീറ്റും തകർത്തു. വീട്ടിൽ ഉണ്ടായിരുന്ന രമയും മകൾ രമ്യയും, രമ്യയുടെ മക്കളായ നാലു വയസുള്ള ആദ്യദേവ്, ഏഴ് വയസുള്ള ദീക്ഷിത് എന്നിവരും ഭയന്ന് വിറച്ചു. ഇവരുടെ നിലവിളികേട്ട് സമീപത്തെ ബന്ധുകൂടിയായ സനീഷ് ഓടി എത്തുമ്പോഴേക്കും കാട്ടാന സനീഷിന് നേരെയും തിരിഞ്ഞു. ഒടുവിൽ പടക്കം പൊട്ടിച്ചും മറ്റുമാണ് കാട്ടാനയെ വീടിനു സമീപത്ത് നിന്നും അകറ്റിയത്. വനംവകുപ്പ് സംഘവും സ്ഥലത്തെത്തി. ഈ വീട്ടുമുറ്റത്ത് രണ്ടാം തവണയാണ് കാട്ടാന എത്തുന്നത്. രമ കലയുടെ മകൻ ഋതുവിന് രണ്ടാഴ്ച മുൻപാണ് മലാൻ കുറുകെ ചാടി ഇരുചക്ര വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റത്.