kalla-kadal

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡി.ടി.പി.സിയ്ക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. നിലവിൽ മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചു മാറ്റി. ഡി ടി പി സിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചു. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കടലാക്രമണ ബാധിത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.