cow

കണ്ണൂർ: അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം.
കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം ചത്താൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളു. രാവിലെ 10 മണിക്ക് ശേഷം വൈകിട്ട് നാല് മണി വരെ മൃഗങ്ങളെ വെയിലത്ത് കെട്ടരുത്. തൊഴുത്തിൽ സദാസമയവും കുടിവെള്ളം ലഭ്യമാക്കണം. പോഷക സമ്പുഷ്ടമായ തീറ്റ നൽകണം. ധാതുലവണ മിശ്രിതം, വിറ്റമിൻ ടോണിക്കുകൾ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം. തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിൽ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരക്ക് മുകളിൽ ഓല വിരിക്കുന്നതും നല്ലതാണ്.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണമെന്നും അറിയിച്ചിട്ടുണ്ട്.