കണ്ണൂർ: ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം 20നകം പൂർത്തിയാക്കാൻ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ജില്ലാതല യോഗത്തിൽ തീരുമാനം. വാർഡ് തല ജാഗ്രത സമിതികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ എ.ഡി.എം നവീൻ ബാബു നിർദ്ദേശിച്ചു.
'മാലിന്യമുക്ത കേരളം" എന്ന ലക്ഷ്യം നേടുന്നതിനായി മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ സജീവമായി നടത്തുകയാണ് ഉദ്ദേശിക്കുന്നത്. മാലിന്യ നിർമ്മാർജനം വഴി പകർച്ച വ്യാധികളും ജലജന്യ രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുമെന്നതിനാൽ ഈ പ്രവർത്തനങ്ങളിൽ തികഞ്ഞ ജാഗ്രതയും വകുപ്പുകളുടെ ഏകോപനവും ഉണ്ടാവണമെന്ന് യോഗം നിർദേശിച്ചു.
ഏപ്രിൽ 18ന് തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാരുടെ ഓൺലൈൻ യോഗം നടത്തി പ്രവർത്തനം ആസൂത്രണം ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പി.വി.ജസീർ അറിയിച്ചു. ഹോട്ട്സ്‌പോട്ടുകളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ഊർജിത ശുചീകരണം നടത്തി വരികയാണ്. വാർഡ് സാനിറ്റേഷൻ സമിതി യോഗങ്ങളും നടക്കുന്നുണ്ട്. എൻ.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. പി.കെ.അനിൽകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് സി.ജെ.ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി.സച്ചിൻ

തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഈ രംഗത്തെ ഏജൻസികളെയും ഏകോപിപ്പിച്ചാണ് ശുചീകരണം നടപ്പിലാക്കുക. വിപുലമായ പൊതുജന പങ്കാളിത്തവും ഉറപ്പാക്കും.


മാലിന്യ നിർമ്മാർജ്ജനം ഉറപ്പാക്കൽ, കൊതുക് നിവാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നീ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കും. ഇതിനായി തദ്ദേശസ്ഥാപന തലത്തിലും വാർഡ് തലത്തിലും ജാഗ്രത സമിതികൾ.

ആരോഗ്യ വകുപ്പ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പിടിക്കാൻ രണ്ട് ജില്ലാതല സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്.