പരിയാരം: അഞ്ച് വർഷം മുമ്പ് അനുമതി ലഭിച്ച പരിയാരം അഗ്നിശമന സേനാ കേന്ദ്രം എവിടെയുമെത്താതെ വിസ്മൃതിയിലേക്ക്. 2020ൽ ടി.വി.രാജേഷ് എം.എൽ.എ ആയിരിക്കവെയാണ് കല്യാശേരി മണ്ഡലത്തിൽ ഫയർസ്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയത്.
തുടക്കം മുതൽ ഇത് തർക്കത്തിനും ഇടയാക്കി. അഗ്നിശമന സേന നിലയം പഴയങ്ങാടിയിൽ വേണമെന്നും പരിയാരത്ത് വേണമെന്നും രണ്ട് ചേരിയായിട്ടായിരുന്നുൽ തർക്കം. ഒടുവിൽ സ്ഥലത്തിന്റെ ലഭ്യത കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിലായതിനാൽ മെഡിക്കൽ കോളേജ് പരിസരത്ത് തന്നെ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിക്കുകയും കടന്നപ്പള്ളി റോഡിൽ പഴയ പൊലീസ് സ്റ്റേഷന് സമീപം സ്ഥലം നിർണയിക്കുകയും ചെയ്തു. ഇവിടെ അര ഏക്കർ ഭൂമി റവന്യൂ -ഫയർഫോഴ്സ് അധികൃതർ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
2021ലെ ബഡ്ജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയും ചെയ്തു.
എന്നാൽ 2021ൽ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നശേഷം ഇവിടെ ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികളൊന്നും ഉണ്ടായില്ല. മെഡിക്കൽ കോളേജിന് ഉൾപ്പെടെ പ്രയോജനപ്രദമായ ഫയർ സ്റ്റേഷനാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
വേനൽക്കാലം ആരംഭിച്ചാൽ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ തീപിടിത്തം പതിവാണ്. ഒരു വേനൽക്കാലത്ത് തന്നെ പത്തുപ്രാവശ്യമൊക്കെ തീപിടിത്തമുണ്ടാവുകയും പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും കണ്ണൂരിൽ നിന്നുമൊക്കെ അഗ്നിശമന സേനയെത്തി തീയണയ്ക്കുകയുമാണ് പതിവ്. പലപ്പോഴും ദൂരസ്ഥലങ്ങളിൽ നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും ഏക്കർ കണക്കിന് കത്തിനശിച്ചിട്ടുമുണ്ടാകും. അതുകൊണ്ടുതന്നെ അടുത്തായി ഒരു അഗ്നിശമന നിലയം എന്നത് പ്രദേശത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
വൈകിയെത്തുന്ന രക്ഷ
കല്യാശേരി നിയോജക മണ്ഡലത്തിൽ ഒരു അപകടമോ തീപിടിത്തമോ സംഭവിച്ചാൽ പയ്യന്നൂരിൽ നിന്നോ തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നോ അഗ്നിശമന സേന എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞദിവസം ചെറുകുന്ന് പള്ളിച്ചാലിൽ അപകടം നടന്നപ്പോൾ രക്ഷാ പ്രവർത്തനം വൈകിയത് അഗ്നിശമനസേന എത്തിച്ചേരാൻ വൈകിയത് കൊണ്ടാണെന്ന് വിമർശനം ഉയർന്നിരുന്നു.
പ്രയോജനം 07 പഞ്ചായത്തുകൾക്ക്
1. എരമം-കുറ്റൂർ
2. കടന്നപ്പള്ളി -പാണപ്പുഴ
3. മാടായി
4. ചെറുകുന്ന്
5. കണ്ണപുരം
6. ചെറുതാഴം
7. മാട്ടൂൽ