തലശ്ശേരി: നാരങ്ങാപ്പുറത്ത് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള നടവഴിയിൽ സ്ലാബിൽ തെന്നിവീണ് വൃദ്ധയുടെ കാൽപാദം ഒടിഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലോടെയാണ് കുടുംബത്തോടൊത്ത് ഫുട്പാത്തിലൂടെ നടക്കുന്നതിനിടയിലാണ് സ്ത്രീ അപകടത്തിൽ പെട്ടത് .ഇവിടെ പഴയ ഷെമി ആശുപത്രിക്ക് സമീപമുള്ള ഫുട് പാത്തിലെ സ്ലാബുകളിൽ ഒന്ന് തകർന്ന നിലയിലാണുള്ളത്. സ്ലാബിന്റെ മദ്ധ്യത്തിലുള്ള സിമന്റ് ഭാഗങ്ങൾ അടർന്ന് വീണതിനാൽ വാർക്കക്കമ്പികൾ പുറത്ത് കാണാം. വഴി നടക്കുന്നതിനിടയിൽ ശ്രദ്ധ തെറ്റിയാൽ നടുപിളർന്ന വിടവിൽ കാൽ അകപ്പെടും. നേരത്തെ ഒട്ടേറെ പേർക്ക് ഇവിടത്തെ സ്ലാബ് കെണിയിൽ വീണ് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് തൊട്ടടുത്തുള്ള കച്ചവട സ്ഥാപന നടത്തിപ്പുകാർ ഇവിടെ മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നു. ഇതും ഉപകരിച്ചില്ലെന്നാണ് പുതിയ അപകടം സൂചിപ്പിക്കുന്നത്. മാരിയമ്മൻ വാർഡിൽപെട്ട സ്ഥലമാണിത്.